| Sunday, 9th January 2022, 12:20 pm

കെ റെയില്‍ സമരത്തിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നേതാക്കള്‍ ഉറങ്ങി, എഴുന്നേല്‍പ്പിച്ച് മുഖം കഴുകിവരാന്‍ ശാസിച്ച് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസിന്റെ ഭാവി പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള പൊളിറ്റിക്കല്‍ കണ്‍വെന്‍ഷനിടെ ഉറങ്ങിയ നേതാക്കളെ ശാസിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

കെ റെയിലിനെതിരായ സമരം ചര്‍ച്ച ചെയ്യാനായി എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരടക്കമുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് നേതാക്കള്‍ ഉറങ്ങിയത്.

മാധ്യമങ്ങളെ ഒഴിവാക്കിനിര്‍ത്തിയായിരുന്നു യോഗം നടന്നത്. ഉറങ്ങിയ നേതാക്കളില്‍ ചിലരെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും, ചിലരോട് മുഖം കഴുകി വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

നാലു ജില്ലകളില്‍ നിന്നുളള കെ.പി.സി.സി.-ഡി.സി.സി ഭാരവാഹികളും എം.പി.മാരും എം.എല്‍.എ.മാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കെ റെയില്‍ സമരം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ മെനയാനും രാജ്യംമുഴുവന്‍ വിഷയം ചര്‍ച്ചയാവുന്ന വിധത്തില്‍ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തന മേഖലയിലെ ദേശീയ നേതാക്കളെയും പ്രഗത്ഭ വ്യക്തികളേയും കേരളത്തിലേക്ക് കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി.

ഈ മാസം ഇരുപതിനുള്ളില്‍ എല്ലാ മണ്ഡലം കമ്മിറ്റികളും കെ റെയിലിനെതിരേ ധര്‍ണ സംഘടിപ്പിക്കണമെന്നും എല്ലാ വീടുകളിലും കെ റെയില്‍വിരുദ്ധ ലഘുലേഖകള്‍ എത്തിക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കെ റെയിലിന്റെ കല്ലുകള്‍ പിഴുതെറിയുമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുകയാണ്. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വില ഉയരില്ല. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക.

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരുന്നത്. അന്തിമ കണക്ക് നിശ്ചയിക്കാന്‍ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.

അതേസമയം, സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി ഹൈക്കോടതിയില്‍ റെയില്‍വേ ശരിവെച്ചിരുന്നു. സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയില്‍വേ കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ കോടതിയില്‍ റെയില്‍വേ പിന്തുണച്ചു.

ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികള്‍ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് റെയില്‍വേ നിലപാട് അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

leaders fell asleep and K Sudhakaran reprimanded to wake up and wash his face

We use cookies to give you the best possible experience. Learn more