കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനം ഉറപ്പിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. പ്രകോപനപരമായ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചരണങ്ങളും ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് ആവശ്യപ്പെട്ടു.
കളക്ടറുടെ അദ്ധ്യക്ഷതിയിലായിരുന്നു സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. ജില്ലയില്‍ സമാധാനം ഉറപ്പിക്കാനും ധാരണയായി. പ്രകോപനപരമായ പരാമര്‍ശങ്ങളോ പ്രസംഗങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയില്‍ ഉത്സവകാലമാണ് ഇനി വരുന്നത്. ഇതിനോനുബന്ധിച്ച് കണ്ണൂരില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ ബി.ജെ.പി അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ വീട്ടിലെത്തിയാല്‍ സര്‍വ്വകക്ഷി സംഘം അവരെപ്പോയി കാണാനും യോഗത്തില്‍ ധാരണയായി.
സോഷ്യല്‍ മീഡിയയിലൂടെ അണികള്‍ നടത്തുന്ന പ്രകോപനപരമായ പരമാര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ ഉറപ്പ് നല്‍കി.