'കൊവിഡ് പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നത്'; രൂക്ഷ വിമർശനവുമായി ഒബാമ
World News
'കൊവിഡ് പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നത്'; രൂക്ഷ വിമർശനവുമായി ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th May 2020, 8:52 am

വാഷിങ്ടൺ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോ​ഗിങ്ങിന് പോയപ്പോൾ 25 കാരനായ അഹമ്മദ് അർബറിയെ വെടിവെച്ച് കൊന്നത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അർബെറിയെ കൊലപ്പെടുത്തിയത്.

കൊവിഡ് പോലൊരു രോ​ഗം കറുത്ത വംശജർ ചരിത്രപരമായി ഈ രാജ്യത്ത് നേരിടേണ്ടി വന്ന അസമത്വങ്ങളിലേക്കും വിരൽ ചൂണ്ടുന്നുവെന്ന് ഒബാമ അഭിപ്രായപ്പെട്ടു.

“ഞങ്ങളുടെ കമ്മ്യൂണിറ്റികളിൽ കൊവിഡ് 19 വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു കറുത്ത വംശജൻ ജോ​ഗിങ്ങിന് പോകുമ്പോൾ ചില ആളുകൾക്ക് അവരെ തടയണമെന്ന് തോന്നിയാൽ ഉടൻ അത് ചെയ്യാം. അവർക്ക് ഞങ്ങളെ നിർത്താനും ചോദ്യം ചെയ്യാനും വെടിവെക്കാനും പറ്റുമെന്ന് തോന്നുന്നു. ഒബാമ പറഞ്ഞു”. അർബറിയുടെ പേര് പ്രതിപാദിക്കാതെയായിരുന്നു ഒബാമയുടെ പ്രതികരണം.

അമേരിക്കയിൽ ഇപ്പോൾ നേരിടുന്ന കടുത്ത ആരോ​ഗ്യ പ്രതിസന്ധിയേയും ഒബാമ രൂക്ഷമായി വിമർശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന പലർക്കും തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല. ഒബാമ പറഞ്ഞു.

ശനിയാഴ്ച്ച ഒരു വെർച്ച്വൽ ​ഗ്രാഡുവേഷൻ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു നിർണായകമായ പ്രതികരണങ്ങളുമായി ഒബാമ രം​ഗത്ത് എത്തിയത്.