| Tuesday, 2nd November 2021, 3:38 pm

പുനഃസംഘടനക്ക് ശേഷമുള്ള പൊട്ടിത്തറി പരസ്യമാകുന്നു; ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഒരു വിഭാഗം നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ ചില നേതാക്കള്‍ വിട്ടുനില്‍ക്കുന്നു. എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്,  ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ല.

ബി.ജെ.പി സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്തി പരസ്യമാകുന്നതിനിടെയാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്.

നേരത്തെ ബി.ജെ.പിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് സംസ്ഥാന നേതാക്കള്‍ പുറത്തുപോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, എം.എസ്. കുമാര്‍ എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോയത്.

സംസ്ഥാന ബി.ജെ.പിയില്‍ നേതൃമാറ്റണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയായിരുന്നു കഴിഞ്ഞ മാസം പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപ്പിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത നിന്ന മാറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതില്‍ പല സംസ്ഥാന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഇതാണിപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

അതേസമയം, തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ ശുദ്ധീകരണ പ്രക്രിയയിലാണ് ബി.ജെ.പി. ഈ സാഹചര്യം മുന്‍നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും താഴെ തട്ടില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നും നിയോജക മണ്ഡലം കമ്മിറ്റികള്‍ വിഭജിക്കണം എന്നുമാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ഇതിന് കേന്ദ്രനേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Some leaders are absent from the BJP core committee meeting

We use cookies to give you the best possible experience. Learn more