| Friday, 17th December 2021, 11:06 am

കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് തരൂരിനെ അറിയിക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശശി തരൂര്‍ വ്യത്യസ്ത നിലപാടെടുക്കുന്നതില്‍ അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനെ തരൂര്‍ പുകഴ്ത്തി സംസാരിച്ചതിലും നേതൃത്വത്തിന് എതിര്‍പ്പുണ്ട്.

വിഷയത്തിലെ വ്യക്തത കുറവ് പരിഹരിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തരൂരിനോട് സംസാരിക്കാനാണ് സാധ്യത.

കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് കെ. സുധാകരന്‍ തന്നെ തരൂരിന് വ്യക്തമാക്കി കൊടുക്കും.

കെ റെയില്‍ പദ്ധതിയെ എതിര്‍ക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റേത് മാത്രമല്ല. ഉപസമിതിയെ വെച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്തതാണ്.

പദ്ധതിയ്‌ക്കെതിരായ യു.ഡി.എഫ് എംപിമാരുടെ നിവേദനത്തില്‍ തരൂര്‍ ഒപ്പുവെക്കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

കെ റെയിലില്‍ ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടും യു.ഡി.എഫ് നയവും അനുസരിച്ചാണ് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയതെന്നും കെ മുരളീധരന്‍ എം.പി നേരത്തെ പറഞ്ഞിരുന്നു.

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടെടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് മാറി നില്‍ക്കാനുള്ള അവകാശമുണ്ട്. കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയെ അടുത്തയാഴ്ച്ച നേരിട്ട് കാണും. സര്‍ക്കാരിനൊപ്പം തരൂര്‍ നില്‍ക്കില്ല എന്നാണ് മനസിലാക്കുന്നതെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തുവന്നിരുന്നു. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്.

തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമര്‍ശമുണ്ടായത്.
മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: leader’s is ready to inform Tharoor Congress’ stand on the K rail issue

We use cookies to give you the best possible experience. Learn more