Advertisement
national news
സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയകളാണ് പൊതുജനങ്ങള്‍ക്കുള്ള ഏക സംരക്ഷണം: ഇ.വി.എമ്മിനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 17, 11:34 am
Monday, 17th June 2024, 5:04 pm

ന്യൂദല്‍ഹി: ഇ.വി.എമ്മുകള്‍ക്കെതിരെ  വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യ സ്ഥാപനങ്ങള്‍ പിടിച്ചടക്കപ്പെടുമ്പോള്‍ പൊതുജനങ്ങള്‍ക്ക് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയകളാണ് ഏക സംരക്ഷണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇ.വി.എം നിലവില്‍ ഒരു ബ്ലാക്ക് ബോക്സാണ്. ഒന്നുകില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് മെഷിനുകളുടെ സുതാര്യത ഉറപ്പു വരുത്തണം. അല്ലെങ്കില്‍ ഇത് നിര്‍ത്തലാക്കണമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വോട്ടിങ് മെഷിനെതിരെ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ വോട്ടിങ് മെഷിനുകളെ വിലയിരുത്താനോ പരിശോധിക്കാനോ ആര്‍ക്കും കഴിയില്ലെന്നായിരുന്നു പ്രതികരണം. ഇ.വി.എം ബ്ലാക്ക് ബോക്‌സണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

പടിഞ്ഞാറന്‍ മുംബൈയില്‍ 48 വോട്ടുകള്‍ക്ക് വിജയിച്ച ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രവീന്ദ്ര വൈക്കറിന്റെ ബന്ധു അനധികൃതമായി പോളിങ്ങ് ബൂത്തിലേക്ക് കടന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തിങ്കളാഴ്ച, രവീന്ദ്ര വൈരുടെ ബന്ധു നിയമവിരുദ്ധമായി വോട്ടെടുപ്പ് കേന്ദ്രത്തില്‍ പ്രവേശിച്ചിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമ്മതിക്കുകയുണ്ടായി.

ഇതിന് പിന്നാലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബന്ധുവിനെ പ്രവേശിപ്പിച്ചതിനെതിരെയും തപാല്‍ വോട്ടുകള്‍ എണ്ണിയതിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും ഹൈക്കോടതിയെ സമീപിക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇ.വി.എമ്മിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തിയത്.

മുബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് 48 വോട്ടുകള്‍ക്കാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീന്ദ്ര വൈക്കര്‍ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ഗോരേഗാവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഈ മാസം നാലിന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍, മങ്കേഷ് അവിടെ വെച്ച് സംശയാസ്പദമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.

Content Highlight: Leader Rahul Gandhi once again criticizes EVM