മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയന്‍; മുഖ്യമന്ത്രി ജനങ്ങളെ ഭീതിയിലാക്കുന്നു: വി.ഡി. സതീശന്‍
Kerala News
മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയന്‍; മുഖ്യമന്ത്രി ജനങ്ങളെ ഭീതിയിലാക്കുന്നു: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 2:06 pm

 

തിരുവനന്തപുരം: മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മുഖ്യമന്ത്രി ജനങ്ങളെ ഭീതിയിലാക്കുന്നു. അദ്ദേഹം പോകുമ്പോള്‍ ജനങ്ങളെ ബന്ദിയാക്കുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ് കറുപ്പ് നിറം ഒഴിവാക്കിയത്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും കറുപ്പാണ്. അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ് കേരളത്തില്‍ ഉള്ളത്. ഒമ്പതാമത്തെ അവതാരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്തുകൊണ്ട് ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു.

ഇത് ഹിറ്റ്‌ലറുടെ കേരളമാണോ, യു.ഡി.എഫിനെ വിരട്ടാന്‍ നോക്കേണ്ട. ഇതൊന്നും കണ്ട് വിരളില്ലായെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണെന്നും ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വര്യജീവിതത്തിനും ഭീഷണിയും ശല്യവുമാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ പോലീസ് ബന്തവസ്സിലാക്കുന്നത്. ആശുപത്രികളുടെ ഗേറ്റുകള്‍ മണിക്കൂറുകളോളം അടച്ചിടുന്നു. മനുഷ്യര്‍ക്ക് ബസ്സിലോ ഓട്ടോറിക്ഷയിലോ പോലും ആശുപത്രിയിലേക്കെത്താനോ തിരിച്ചു പോരാനോ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

‘മുഖ്യമന്ത്രിക്ക് അഗോറഫോബിയയാണ്. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഭയന്നുവിറച്ച് മാത്രം പുറത്തിറങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഈ സംസ്ഥാനം ഇപ്പോള്‍ കാണുന്നത്.
ഊരിപ്പിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപ്പിച്ച കത്തികള്‍ക്കും ഇടയില്‍ക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാള്‍ ഇന്ന് നൂറോളം പോലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ് സ്വന്തം നാട്ടില്‍ സഞ്ചരിക്കുന്നത്,’ രമേശ് ചെന്നിത്തല പറഞ്ഞു

Content Highlights: Leader of the Opposition vd satheesan against Chief Minister Pinarayi Vijayan a public nuisance