തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതിയില് നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ട്രോയ്‌സ് എന്ന കമ്പനിയില് നിന്ന് ഉപകരണങ്ങള് വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. ക്യാമറ വാങ്ങുന്നത് ഉള്പ്പെടെയുളള ചെലവുകള്ക്കായി 57 കോടി രൂപയുടെ പ്രപ്പോസല് ആണ് ട്രോയ്‌സ് നല്കിയിരുന്നത്. 57 കോടി മാത്രം കണക്കാക്കിയിരുന്ന പദ്ധതിയാണ് 151 കോടിയുടെ കരാറില് എത്തിയതെന്നും അദ്ദേഹം വാര്ത്താ സമ്മേളനത്തില് ആരോപിച്ചു.
ഉപകരാറിനായി രൂപവത്കരിച്ച കണ്സോര്ഷ്യത്തിന്റെ യോഗത്തില് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തെന്നും സതീശന് പറഞ്ഞു. പ്രകാശ് ബാബുവാണ് യോഗത്തില് ഏറ്റവും കൂടുതല് സമയം സംസാരിച്ചത്. ഇതു സംബന്ധിച്ച അന്വേഷണം നടന്നാല് തെളിവ് നല്കാമെന്നും അദ്ദേഹം പറഞ്ഞു.
‘ട്രോയ്‌സ് എന്ന കമ്പനിക്കാണ് ഫിനാന്ഷ്യല് പ്രപ്പോസ് നല്കിയിരുന്നത്. ഇവിടെ നിന്നു തന്നെ വാങ്ങിക്കണമെന്നത് പ്രസാഡിയോയുടെ നിര്ബന്ധമായിരുന്നു. കണ്ട്രോള് റൂമടക്കം എല്ലാ ഉപകരണങ്ങള്ക്കുമായി 57 കോടിയാണ് പ്രപ്പോസ് നല്കിയിരുന്നത്. ഇത് യഥാര്ത്ഥത്തില് 45 കോടിക്ക് ചെയ്യാന് പറ്റുന്നതാണ്. എന്നാല് 151 കോടിക്കാണ് ടെന്ഡര് നല്കിയത്. എസ്.ആര്.ഐ.ടിക്ക് വെറുതെ ആറ് ശതമാനം കമ്മിഷന് കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി’, സതീശന് പറഞ്ഞു.
പദ്ധതി തട്ടിപ്പാണെന്ന് മന്ത്രി രാജീവിനും വ്യവസായ സെക്രട്ടറിക്കും അറിയാമായിരുന്നെന്നും മന്ത്രി ഇക്കാര്യത്തില് മറുപടി പറയണമെന്നും സതീശന് പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ ബന്ധു പദ്ധതിയില് ഇടപ്പെട്ടതിന് തെളിവുണ്ടോയെന്ന് മന്ത്രി രാജീവ് കഴിഞ്ഞ ദിവസം ചോദിച്ചു. എസ്.ആര്.ഐ.ടിയും പ്രസാഡിയോയും ചേര്ന്ന് രൂപീകരിച്ച കണ്സോര്ഷ്യത്തിന്റെ ആദ്യ യോഗത്തില് മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്. ഗുരുതര ആരോപണമുന്നയിച്ച് കണ്സോര്ഷ്യത്തിലെ ഒരു കമ്പനി പിന്മാറി. പണം നഷ്ടമായ കമ്പനികള് പ്രകാശ് ബാബുവിനെ സമീപിച്ചിരുന്നോ. പദ്ധതി തട്ടിപ്പാണെന്ന് മന്ത്രി രാജീവിനും വ്യവസായ സെക്രട്ടറിക്കും അറിയാമായിരുന്നു. മന്ത്രി ഇക്കാര്യത്തില് മറുപടി പറയണം’, സതീശന് പറഞ്ഞു.