തിരുവനന്തപുരം: സി.പി.ഐ.എം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആകാശ് തില്ലങ്കേരിയുടെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലുകള്‍ സി.പി.ഐ.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഷുഹൈബ് വധക്കേസില്‍
സത്യംപുറത്തു വരാന്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സി.പി.ഐ.എം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധപതിച്ചു. ഗുണ്ടാ മാഫിയകളുമായും ക്രിമിനല്‍ സംഘങ്ങളുമായും സി.പി.ഐ.എമ്മിനുള്ള ബന്ധം ഭരണത്തണലില്‍ തഴച്ചുവളരുകയാണ്.
കേരളീയ പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണത്.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ സി.പി.എം എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായി. എല്ലാം ചെയ്യിച്ചത് പാര്‍ട്ടിയാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വന്നിട്ട് കേരള പൊലീസ് ചെറുവിരല്‍ അനക്കിയിട്ടില്ല. സത്യം പുറത്തു വരാന്‍ സി.ബി.ഐ അന്വേഷിക്കണം,’ വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം, കൊലപാതകം ചെയ്യാന്‍ ആഹ്വാനം നടത്തിയ നേതാക്കള്‍ക്ക് പാര്‍ട്ടി സഹകരണസ്ഥാപനങ്ങളില്‍ ജോലി നല്‍കുകയും, കൊലപാതകം ചെയ്ത തങ്ങള്‍ വഴിയാധാരമായെന്നുമായുരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നത്. കണ്ണൂരിലെ പ്രാദേശിക നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ചുവടെ കമന്റുകളായിട്ടാണ് ആകാശ് തില്ലേങ്കേരി ഈ ആരോപണം ഉന്നയിച്ചത്.
അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരേ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.