തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ഇകഴ്ത്തിക്കാണിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളം മുന്നേറണമെന്ന നമ്മുടെ നാടിന്റെ പൊതുവായ താല്‍പര്യമാണ്, കേരളത്തിന്റെ വ്യാവസായിക രംഗത്തെ മുന്നേറ്റത്തെ പ്രകീര്‍ത്തിക്കുന്ന ലേഖനത്തിലൂടെ ശശി തരൂര്‍ എം.പി മുന്നോട്ടുവെച്ചതെന്നും പി. രാജീവ് പ്രതികരിച്ചു.
എന്നാല്‍ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി അംഗീകാരങ്ങള്‍ ലഭിച്ച ‘സംരംഭകവര്‍ഷം പദ്ധതി’യെ ഉള്‍പ്പെടെ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ഇകഴ്ത്തിക്കാണിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സംരംഭകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഐ.ബി.എം, കോങ്ങ്‌സ്‌ബെര്‍ഗ്, സ്ട്രാഡ ഗ്ലോബല്‍, ഡി സ്‌പേസ്, അഗാപ്പെ, ഭാരത് ബയോടെക്, എച്ച്.സി.എല്‍ ടെക്, വിപ്രോ, ചോയിസ്, ലുലു, കല്യാണ്‍ ഗ്രൂപ്പ് തുടങ്ങി കേരളത്തില്‍ നിക്ഷേപം നടത്തുന്ന ഏതൊരാളും ഈ നാടിന്റെ മുന്നേറ്റത്തിനായി സര്‍ക്കാരിനൊപ്പം ഒന്നിച്ച് നില്‍ക്കുന്ന ഘട്ടത്തില്‍ കേരളത്തിനൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ ഒറ്റപ്പെടുകയാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
കേരളം മുന്നേറുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതയുടെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ സംസാരിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക സര്‍ക്കാരിനെ പുകഴ്ത്തിയല്ല അദ്ദേഹം സംസാരിച്ചത്. കേരളത്തെ കുറിച്ചാണ് എം.പി പറഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ ശശി തരൂരിന്റെ നിലപാടിനെ പ്രതിപക്ഷ നേതാവ് തള്ളി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ എം.പിയുടെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പരാതി നല്‍കുകയും ചെയ്തു.
തെറ്റായ കണക്കുകള്‍ ഉദ്ധരിച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചെഴുതിയ ലേഖനം പരിശോധിക്കണമെന്നും നടപടിയെടുക്കണമെന്നുമാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെ അനുകൂലിച്ചുള്ള തരൂരിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുമെന്നും ഇത്തരത്തിലുള്ള ഒരു ലേഖനം ഇപ്പോള്‍ എഴുതേണ്ട കാര്യമെന്താണെന്നുമാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ചോദിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നാണ് തരൂര്‍ ലേഖനത്തില്‍ പറയുന്നത്.
Content Highlight: Leader of the Opposition is trying to downplay Kerala’s industry-friendly environment: P. Rajeev