തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ പണമില്ലാത്ത മുഖ്യമന്ത്രിയാണ് 40 കാറുകളുടെയും ആയിരം പൊലീസുകാരുടെയും അകമ്പടിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
സര്‍ക്കാരല്ലിത് കൊള്ളക്കാരാണ്. ഖജനാവില്‍ പട്ടി പെറ്റുകിടക്കുകയാണെങ്കിലും ധൂര്‍ത്തിന് ഒരു കുറവുമില്ല. പ്രൊമോഷന്‍ വേണ്ടെന്ന് അധ്യാപകര്‍ കൂട്ടത്തോടെ എഴുതി കൊടുക്കുകയാണ്. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
വിഴിഞ്ഞത്ത് നിര്‍മാണത്തിനായി ക്രെയിന്‍ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാന്‍ ഒന്നര കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയതെന്നും സതീശന്‍ പറഞ്ഞു.
‘വിഴിഞ്ഞത്ത് നിര്‍മാണത്തിനായി ക്രെയിന്‍ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാന്‍ ഒന്നരക്കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ക്രെയിനിന് സ്വീകരണം നല്‍കിയത്. വലിയ പന്തലൊക്കെ കെട്ടി പച്ചക്കൊടി വീശുകയാണ്.
മനുഷ്യന് നാണംവേണ്ടേ? ഗതികേടുകൊണ്ട് എനിക്ക് അടുത്തുനില്‍ക്കേണ്ടിവന്നു. വിഴിഞ്ഞത്ത് നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറയാനാണ് ഞാന്‍ പോയത്. വിഴിഞ്ഞം ഞങ്ങളുടെ ഉമ്മന്‍ചാണ്ടി കൊണ്ട് വന്നതാണ്. 2019ല്‍ കപ്പല്‍ വരേണ്ടതാണ് അവിടെ. നാല് കൊല്ലം വൈകിപ്പിച്ച ശേഷം ക്രെയിന്‍ വന്നപ്പോള്‍ വലിയ സ്വീകരണം നല്‍കിയരിക്കുകയാണ്,’ സതീശന്‍ പറഞ്ഞു.
Content Highlight: Leader of Opposition V.D. Sathishan said that the state government has no money even to provide children’s lunch.