| Sunday, 11th August 2024, 9:40 pm

'മാധബി ബുച്ച് എന്തുകൊണ്ട് രാജിവെക്കുന്നില്ല?'; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സെബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മാധബി ബുച്ചിക്കെതിരായ ആരോപണങ്ങളില്‍ സ്ഥാപനത്തിന്റെ സമഗ്രതയില്‍ സെബി വിട്ടുവീഴ്ച നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ചെറുകിട റീട്ടെയില്‍ നിക്ഷേപകരുടെ സമ്പത്ത് സംരക്ഷിക്കാന്‍ സ്ഥാപിതമായ സെക്യൂരിറ്റീസ് റെഗുലേറ്ററാണ് സെബിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് സെബിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

‘ഒരു മാച്ച് നടക്കുമ്പോള്‍ ഓരോ വ്യക്തിയും ക്രിക്കറ്റ് ആഴത്തില്‍ വീക്ഷിക്കുന്നു. ക്രിക്കറ്റേഴ്സ് മാച്ച് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാല്‍ അമ്പയര്‍ മാച്ചില്‍ വിട്ടുവീഴ്ച ചെയ്യുകയാണ്,’ എന്ന ഉദാഹരണം പറഞ്ഞുകൊണ്ടാണ് രാഹുല്‍ വിമര്‍ശനം ഉയര്‍ത്തിയത്. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഈ രീതിയിലുള്ള മാച്ചാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

സെബിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള സത്യസന്ധരായ നിക്ഷേപകര്‍ കേന്ദ്ര സര്‍ക്കാരിനോട് ഏതാനും ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

‘എന്തുകൊണ്ടാണ് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ഇതുവരെ രാജിവെക്കാത്തത്?, നിക്ഷേപകര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുകയാണെങ്കില്‍, ആരാണ് ഉത്തരവാദി-പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സെബി ചെയര്‍പേഴ്സനോ അതോ ഗൗതം അദാനിയോ?, പുതിയതും വളരെ ഗൗരവമേറിയതുമായ ആരോപണങ്ങളുടെ വെളിച്ചത്തില്‍, സുപ്രീം കോടതി ഈ വിഷയം ഒരിക്കല്‍ കൂടി സ്വമേധയാ പരിശോധിക്കുമോ?,’ എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി ജെ.പി.സി അന്വേഷണത്തെ ഇത്രയധികം ഭയപ്പെടുന്നതെന്നും രാഹുല്‍ ചോദിച്ചു. മോദിയുടെ ഭയത്തിന് പിന്നിലെ കാരണം വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിസില്‍ബ്ലോവര്‍മാരെ ഉദ്ധരിച്ചാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം അദാനി ഗ്രൂപ്പിന് വിദേശത്ത് രഹസ്യ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അന്ന് 72 ലക്ഷം കോടി രൂപയുടെ ഓഹരി ഇടിവായിരുന്നു അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുണ്ടായത്.

എന്നാല്‍ നിലവില്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് നിഷേധിച്ച് മാധബി ബാച്ചും അദാനി ഗ്രൂപ്പും സെബിയും രംഗത്തെത്തിയിരുന്നു.

Content Highlight: Leader of Opposition Rahul Gandhi strongly criticized SEBI

We use cookies to give you the best possible experience. Learn more