മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നു; നിയന്ത്രിക്കുന്നത് അംബാനിയും അദാനിയും അടക്കമുള്ളവര്‍: രാഹുല്‍
national news
മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നു; നിയന്ത്രിക്കുന്നത് അംബാനിയും അദാനിയും അടക്കമുള്ളവര്‍: രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 2:42 pm
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നുവെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി

ന്യൂദല്‍ഹി: 2024 കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നുവെന്നാണ് രാഹുലിന്റെ വിമര്‍ശനം. ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും അടക്കമുള്ള ആറ് പേരാണെന്നും രാഹുല്‍ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.

അതേസമയം രാഹുലിന്റെ പരാമര്‍ശത്തിനെതിരെ സ്പീക്കര്‍ ഓം ബിര്‍ള രംഗത്തെത്തി. സഭയില്‍ ഇല്ലാത്തവരെ കുറിച്ച് പറയേണ്ടതില്ലെന്ന് സ്പീക്കര്‍ രാഹുലിനോട് പറഞ്ഞു. ഇതിനെതിരെ എ1, എ2 എന്ന് സഭയില്‍ പറയാന്‍ കഴിയുമോയെന്ന് ചോദിച്ച് രാഹുല്‍ സ്പീക്കറെ പ്രതിരോധിക്കുകയും ചെയ്തു.

ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സർക്കാരിനെതിരെ ഉയര്‍ത്തിയത്. എന്‍.ഡി.എ ഇതര സര്‍ക്കാരുകള്‍ ഭരണം കൈയാളുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ബജറ്റ് അവഗണിച്ചെന്നായിരുന്നു പ്രധാന വിമര്‍ശനം. ആന്ധ്രാപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു 2024 കേന്ദ്ര ബജറ്റെന്നും ഇന്ത്യാ സഖ്യം വിമര്‍ശനം ഉന്നയിച്ചിരുന്നു.

നിലവില്‍ ബജറ്റിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ സമാന വിമര്‍ശനങ്ങള്‍ പ്രതിപക്ഷ നേതാവ് ലോക്‌സഭയില്‍ വീണ്ടും ഉന്നയിക്കുകയാണ്. രാഹുലിന്റെ പ്രസംഗത്തിനെതിരെ ഭരണപക്ഷത്ത് നിന്ന് വലിയ പ്രതിഷേധവും ഉണ്ടാകുന്നുണ്ട്.

‘ഇന്ത്യയില്‍ ഭയത്തിന്റെ അന്തരീക്ഷമുണ്ട്, ആ ഭയം നമ്മുടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു. ബി.ജെ.പിയില്‍ ഒരാള്‍ക്ക് മാത്രമേ പ്രധാനമന്ത്രിയാകാന്‍ സാധിക്കൂ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം,’ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതും മറ്റൊരു പ്രശ്‌നമാണെന്നും ഭയമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ ഇന്ത്യയിലെ തൊഴിലാളികളെയും കര്‍ഷകരെയും പേടിക്കുകയാണെന്നും അത് എന്തിനാണെന്നും രാഹുല്‍ ലോക്‌സഭയില്‍ ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം വന്‍കിട വ്യവസായികളുടെ കുത്തക ശക്തിപ്പെടുത്താന്‍ ഉള്ളതാണെന്നും രാഹുല്‍ പറയുകയുണ്ടായി. ജാതി സെന്‍സസിനെ കേന്ദ്ര സര്‍ക്കാര്‍ പേടിക്കുകയാണെന്നും രാജ്യത്തെ ദളിത്-പിന്നോക്ക വിഭാഗത്തെ കേന്ദ്ര ബജറ്റ് അവഗണിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രി കിരണ്‍ റിജുജു രംഗത്തെത്തിയിരുന്നു. നിങ്ങള്‍ക്ക് സഭാ നിയമങ്ങള്‍ അറിയില്ലേ എന്ന ചോദ്യമുയര്‍ത്തിയാണ് റിജുജു രാഹുലിനെ വിമര്‍ശിച്ചത്. രാഹുല്‍ ലോക്‌സഭാ സ്പീക്കറെ വെല്ലുവിളിക്കുകയാണെന്നും റിജുജു പറഞ്ഞു.

Content Highlight: Leader of Opposition Rahul Gandhi criticized Prime Minister Narendra Modi during the 2024 Union Budget discussion