ന്യൂദല്‍ഹി: ആത്മവിശ്വാസം നഷ്ടപ്പെട്ട മോദിയെ ഇന്ത്യാ സഖ്യം പരാജയപ്പെടുത്തിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഒരിക്കലും തോല്‍വി നേരിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാദമുയര്‍ത്തിയതായും അദ്ദേഹം ദൈവവുമായി നേരിട്ട് ബന്ധമുള്ള ആളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഇന്ത്യാ സഖ്യത്തിന് മോദിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിടെയാണ് രാഹുലിന്റെ പരാമര്‍ശം.
മോദിയും ബി.ജെ.പിയും ജാതി സെന്‍സസ് നടത്തുന്നതിനിടെ പൂര്‍ണമായും എതിര്‍ക്കുന്നവരാണ്. എന്നാല്‍ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യത്തില്‍ നിന്ന് ഇന്ത്യാ സഖ്യം പിന്നോട്ടുപോയില്ല. അവസാനം ആര്‍.എസ്.എസ് വരെ ജാതി സെന്‍സസിനെ പിന്തുണക്കുന്ന അവസ്ഥയുണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജാതി സെന്‍സസ് എന്നത് ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ആര്‍.എസ്.എസ് വക്താവ് സുനില്‍ അംബേദ്ക്കര്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിനും രാഷ്ട്രീയത്തിനും വേണ്ടി ആയുധമാക്കരുതെന്നും ആര്‍.എസ്.എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് രാഹുലിന്റെ വിമര്‍ശനം.
നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ഭയന്ന് തുടങ്ങിയിരിക്കുന്നു. കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ മോദിയും ബി.ജെ.പിയും അധികാരത്തില്‍ നിന്ന് പുറത്തുപോകുമെന്നും രാഹുല്‍ റംബാനില്‍ പറഞ്ഞു. ഇതിന്റെയെല്ലാം ഫലമായാണ് നടപ്പിലാക്കുമെന്ന് പറഞ്ഞ തീരുമാനങ്ങളില്‍ നിന്ന് കേന്ദ്രം തുടര്‍ച്ചയായി പിന്മാറുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം സര്‍ക്കാര്‍ പിന്മാറിയിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമാണ് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ യു.പി.എസ്.സിക്ക് കേന്ദ്രം നിര്‍ദേശം നല്‍കാന്‍ കാരണമായതെന്നും രാഹുല്‍ പറയുകയുണ്ടായി.
പാര്‍ലമെന്റില്‍ താന്‍ മോദിയുടെ തൊട്ട് മുമ്പിലായാണ് ഇരുന്നത്. ഇന്ത്യാ സഖ്യവും നേതാക്കളും ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി. അതോടെ നരേന്ദ്ര മോദിക്ക് തന്റെ ആത്മവിശ്വാസം നഷ്ടമാകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ബഹുമാനിച്ചും സംസാരിച്ചും മുന്നോട്ടുപോകുന്ന സാഹോദര്യ ബന്ധമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത്. ഇവിടെയുള്ള ദളിത് വിഭാഗങ്ങള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും ഈ രാജ്യത്ത് തങ്ങള്‍ക്ക് ഒരു ഓഹരി ഉണ്ടെന്ന് തോന്നണമെന്നും രാഹുല്‍ ജമ്മു കാശ്മീരില്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ ജമ്മു തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറസുമായി സഖ്യം രൂപീകരിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ വര്‍ഗീയ കൂട്ടുകെട്ട് എന്ന് വിശേഷിപ്പിച്ച് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സെപ്തംബര്‍ 18 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്തംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനുമാണ് നടക്കുക. ഒക്ടോബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും.
Content Highlight: Leader of Opposition in Lok Sabha Rahul Gandhi said that the India alliance has defeated Modi who has lost confidence