ആള്‍ക്കൂട്ട അതിക്രമങ്ങള്‍; കുബുദ്ധികള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് കൈത്താങ്ങ് കിട്ടുന്നു: രാഹുല്‍ ഗാന്ധി
national news
ആള്‍ക്കൂട്ട അതിക്രമങ്ങള്‍; കുബുദ്ധികള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് കൈത്താങ്ങ് കിട്ടുന്നു: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2024, 8:22 pm

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷം രാഷ്ട്രീയായുധമാക്കി അധികാരത്തിന്റെ പടവുകള്‍ കയറിയവര്‍ തുടര്‍ച്ചയായി രാജ്യത്തുടനീളം ഭീതി പടര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ബീഫ് കൈവശം വെച്ചുവെന്നാരോപിച്ചുള്ള ബി.ജെ.പിയുടെ അതിക്രമം ഉള്‍പ്പെടെയുള്ള സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് രാഹുലിന്റെ പരാമര്‍ശം.

ബി.ജെ.പി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ജനക്കൂട്ടത്തിന്റെ രൂപത്തില്‍ മറഞ്ഞിരിക്കുന്ന വിദ്വേഷ ഘടകങ്ങള്‍ പരസ്യമായി അക്രമം പ്രചരിപ്പിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ഈ കുബുദ്ധികള്‍ക്ക് ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമായ കൈത്താങ്ങ് കിട്ടുന്നതാണ് ഇതിനെല്ലാം കാരണമാകുന്നതെന്നും രാഹുല്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിങ്ങൾക്കും നേരെ തുടര്‍ച്ചയായി ആക്രമണം നടക്കുമ്പോഴും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശബ്ദ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള അരാജക ഘടകങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് നിയമത്തിന്റെ അധികാരം പുനഃസ്ഥാപിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും പൗരന്മാരുടെ അവകാശങ്ങള്‍ക്കും നേരെയുള്ള ഏതൊരു ആക്രമണവും ഭരണഘടനക്കെതിരായ ആക്രമണമാണെന്നും രാഹുല്‍ പറയുകയുണ്ടായി.

വിദ്വേഷത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഈ പോരാട്ടത്തെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചാലും നടക്കില്ലെന്നും തോറ്റുകൊടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം പശുവിറച്ചി കഴിച്ചെന്നാരോപിച്ച് കുടിയേറ്റ തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി ഗൗരവത്തിലെടുക്കാതെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം അടിച്ച് കൊന്നത്.

കൊലപാതകത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി ഇത് ആള്‍ക്കൂട്ട കൊലപാതകമല്ലെന്നും ഹരിയാന സര്‍ക്കാര്‍ കര്‍ശനമായ പശു സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നുമാണ് പറഞ്ഞത്. ഇത്തരം നിയമങ്ങള്‍ ഉള്ളതിനാല്‍ ഇത് ആള്‍ക്കൂട്ട കൊലപാതകമായി കണക്കാക്കാന്‍ പറ്റില്ലെന്നായിരുന്നു നയാബിന്റെ വാദം.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അഭിഷേക്, മോഹിത്, രവീന്ദര്‍, കമല്‍ജിത്ത്, സാഹില്‍ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഈ സംഭവത്തെ നിസാരവത്കരിച്ചുള്ള ഹരിയാന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

Content Highlight: Leader of Opposition in Lok Sabha Rahul Gandhi criticized BJP