പാരിസ്: ഫ്രാന്‍സില്‍ മുന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവും വലതുപക്ഷ നേതാവുമായ ജീന്‍ മേരി ലെ പെന്നിന്റെ കല്ലറ തകര്‍ത്ത നിലയില്‍. കല്ലറ തകര്‍ത്തതിന്റെ ഏതാനും ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം ചര്‍ച്ചയായി.
ലെ പെന്‍ കുടുംബ കല്ലറയിലെ കെല്‍റ്റിക് ക്രോസ് സ്‌ലെഡ്ജ് ഹമ്മര്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലാണെന്ന് ഫ്രഞ്ച് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോകളില്‍ കല്ലറയിലെ കുരിശും, നാമകരണവും തകര്‍ന്ന നിലയിലാണ് കാണുന്നത്.
കല്ലറയില്‍ വെച്ചിരുന്ന പൂക്കള്‍ നിലത്ത് ചിതറി കിടക്കുന്നതായും കാണാം. അതേസമയം സമീപത്തുള്ള മറ്റു കല്ലറകള്‍ക്ക് കേടുപാടുകള്‍് സംഭവിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രാദേശിക പ്രോസിക്യൂട്ടര്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടര്‍ന്ന് സെമിത്തേരി അടച്ചതായി ലെ ഫിഗാരോ റിപ്പോര്‍ട്ട് ചെയ്തു. ലെ പെന്‍ കുടുംബ കല്ലറ തകര്‍ക്കപ്പെട്ടതോടെ ഫ്രാന്‍സിലെ വലതുപക്ഷ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കല്ലറ തകര്‍ത്തവരെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചാണ് വലതുപക്ഷ നേതാക്കളുടെ പ്രതികരണങ്ങള്‍.
Marion Marechal
‘ഞങ്ങളുടെ ഹൃദയം തകര്‍ക്കാനും ഞങ്ങളെ ഭയപ്പെടുത്താനും ഞങ്ങളെ നിരുത്സാഹപ്പെടുത്താനും കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തലമുറതലമുറയായി നിങ്ങള്‍ക്കെതിരെ ശക്തമായി പോരാടുകയാണ്, അതിനിയും തുടരും,’ ലെ പെന്നിന്റെ കൊച്ചുമകളും ഐഡന്റിറ്റി ഫ്രീഡംസ് പാര്‍ട്ടി നേതാവുമായ മരിയോണ്‍ മാരേച്ചല്‍ പറഞ്ഞു.
തീവ്ര വലതുപക്ഷ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാപകനാണ് ജീന്‍ മേരി ലെ പെന്‍. 1972 മുതല്‍ 2011 വരെ അദ്ദേഹമായിരുന്നു പാര്‍ട്ടിയുടെ അധ്യക്ഷന്‍. 2011 മുതല്‍ 2015 വരെ തീവ്ര വലതുപക്ഷ നാഷണല്‍ ഫ്രണ്ടിന്റെ ഓണററി പ്രസിഡന്റായും ലെ പെന്‍ പ്രവര്‍ത്തിച്ചു.
പിന്നീട് 2018ല്‍ വലതുപക്ഷ നാഷണല്‍ ഫ്രണ്ടിനെ നാഷണല്‍ റാലിയായി പുനര്‍നാമകരണം ചെയ്തു. നിലവില്‍ നാഷണല്‍ റാലി ഫ്രാന്‍സിലെ പ്രതിപക്ഷ പാര്‍ട്ടിയാണ്. 577ല്‍ 126 സീറ്റുകളോടെയാണ് നാഷണല്‍ റാലി പ്രതിപക്ഷത്ത് ഇടം പിടിച്ചത്.
2025 ജനുവരി ഏഴിന് ഗാര്‍ച്ചസിലെ ഒരു കെയര്‍ ഫെസിലിറ്റിയില്‍ വെച്ചാണ് ലെ പെന്‍ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ മരണപ്പെടുകയായിരുന്നു. വിദ്വേഷ പ്രസംഗങ്ങളാലും ഹോളോകോസ്റ്റ് അനുകൂല നിലപാടിനാലും ശ്രദ്ധിക്കപ്പെട്ട നേതാവാണ് ലെ പെന്‍.
Content Highlight: Le Pen’s grave vandalized in France