പന്തളം നഗരസഭയില്‍ ബി.ജെ.പി പിന്തുണച്ചിട്ടും എല്‍.ഡി.എഫിനെതിരായ അവിശ്വാസം പരാജയപ്പെട്ടു
Kerala News
പന്തളം നഗരസഭയില്‍ ബി.ജെ.പി പിന്തുണച്ചിട്ടും എല്‍.ഡി.എഫിനെതിരായ അവിശ്വാസം പരാജയപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th January 2019, 8:20 am

പത്തനംതിട്ട: പന്തളം നഗരസഭയില്‍ എല്‍.ഡി.എഫ് ഭരണസമിതിയ്‌ക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയിട്ടും പരാജയപ്പെട്ടു.

കോണ്‍ഗ്രസ് പ്രതിനിധിയുടെ ഒരു വോട്ട് അസാധുവായതാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടാന്‍ കാരണം. 33 അംഗ നഗരസഭയില്‍ എല്ലാ അംഗങ്ങളും ഹാജരായപ്പോള്‍ അവിശ്വാസം പാസാകാന്‍ 17 വോട്ട് വേണമായിരുന്നു. എല്‍.ഡി.എഫ് 14, യു.ഡി.എഫ് 11, ബി.ജെ.പി 7, എസ്.ഡി.പി.ഐ 1 എന്നതാണ് പന്തളം നഗര സഭയിലെ നിലവിലുള്ള കക്ഷിനില.

ഏഴ് ബി.ജെ.പി അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ എസ്.ഡി.പി.ഐയുടെ പ്രതിനിധി എം.ആര്‍ ഹസീന വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. എന്നാല്‍ യു.ഡി.എഫ് പക്ഷത്തുള്ള ആര്‍.എസ്.പി ബി പ്രതിനിധി വി എസ് ശിവകുമാര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് പങ്കെടുക്കുകയും എന്നാല്‍ വോട്ടെടുപ്പ് സമയത്ത് വിട്ടു നില്‍ക്കുകയും മറ്റൊരു കോണ്‍ഗ്രസ് പ്രതിനിധി ആനി ജോണ്‍ വോട്ട് അസാധുവാക്കുകയും ചെയ്തതോടെ പ്രമേയത്തെ അനുകൂലിച്ചുള്ള വോട്ട് 16 ആയി ചുരുങ്ങുകയും അവിശ്വാസം പരാജയപ്പെടുകയുമായിരുന്നെന്ന് റിട്ടേണിങ് ഓഫീസര്‍ എ.ആര്‍ രാജു പറഞ്ഞു.

കോണ്‍ഗ്രസ് അംഗം ആനി ജോണ്‍ പേപ്പറില്‍ പേരെഴുതിയെങ്കിലും ഒപ്പിടാത്തതിനാല്‍ വോട്ട് അസാധുവാകുകയായിരുന്നു.

ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രഭൂമിയായ പന്തളത്ത് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസാക്കാനാകാത്തത് പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ പന്തളം നഗരസഭയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് തിരിച്ചടിയേറ്റിരുന്നു.