തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അഞ്ച് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പാനലിന് ജയം. കേരള കാര്‍ഷിക സര്‍വകലാശാല ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ് പാനല്‍ വിജയം കരസ്ഥമാക്കിയത്.
കോടതി ഉത്തരവ് പ്രകാരമാണ് അഞ്ചുവര്‍ഷത്തിന് ശേഷം കേരള കാര്‍ഷിക സര്‍വകലാശാല ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനായി ജനറല്‍ കൗണ്‍സിലിലേക്ക് സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്ത ചാന്‍സലറുടെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പാനലിന്റെ വിജയമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്.
ജനറല്‍ വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാരായ പി.നന്ദകുമാര്‍, ജി.എസ്. ജയലാല്‍ എന്നിവരും തൊഴിലാളി പ്രതിനിധിയായ എസ്.എല്‍. ഷിബുവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അധ്യാപക മണ്ഡലത്തില്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ഡോ.പി.കെ. സുരേഷ് കുമാറും വിജയിച്ചു. സംവരണ മണ്ഡലങ്ങളില്‍ എം.എല്‍.എ സുമോദും ഡോ.വി. തുളസിയുമാണ് വിജയിച്ചത്.
ജനാധിപത്യപരമല്ലാതെ ഭരണസമിതിയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതില്‍ അധ്യാപക സംഘടനകളില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പ് വന്നിരുന്നു. കാലങ്ങളായി തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യമാണ് കോടതി ഉത്തരവിലൂടെ സാധ്യമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലങ്ങളായി അധ്യാപകരും ജീവനക്കാരും തൊഴിലാളികളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളാണ് നിറവേറുന്നതെന്നാണ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെയും എംപ്ലോയീസ് അസോസിയേഷന്റെയും സംസ്ഥാന കമ്മറ്റി പ്രസ്താവിക്കുകയുണ്ടായി.
Content Highlight: LDF wins in Kerala Agricultural University Governing Council elections