|

എല്‍.ഡി.എഫ് 12 സീറ്റ് വരെ നേടും; വിലയിരുത്തലുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. കേരളത്തിലെ എല്ലാ ബൂത്തുകളില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയത്.

കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, പാലക്കാട് മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശക്തമായ മത്സരം നടന്ന വടകര മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നും അങ്ങനെ ആണെങ്കില്‍ കൂടി ചെറിയ ഭൂരിപക്ഷത്തില്‍ അവിടെ ജയിക്കുമെന്നുമാണ് കണക്ക് കൂട്ടല്‍.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു എന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലൂടെ അത് മറികടക്കാന്‍ സാധിച്ചെന്നാണ് വിലയിരുത്തല്‍.

പോളിങ് ശതമാനം വലിയ രീതിയില്‍ ഉയര്‍ന്നില്ല എന്നതാണ് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നതിന്റെ ഉദാഹരണമെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നും അത്തരമൊരു വോട്ടിങ് പാറ്റേണ്‍ കാണാന്‍ സാധിച്ചില്ലെന്നും യോ​ഗത്തിൽ ചൂണ്ടിക്കാട്ടി.

മുന്‍കാല തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ പോളിങ് ശതമാനം 70ലോ 71ലോ എത്തിയ സമയത്തെല്ലാം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയൊന്നും ഉണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു. 2004ല്‍ എല്‍.ഡി.എഫിന് 19 സീറ്റ് ലഭിച്ചപ്പോള്‍ 71 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.

2019ല്‍ 77.84ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യു.ഡി.എഫിന് ലഭിച്ചത് 19 സീറ്റുകളാണ്. അതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകുകയോ സീറ്റുകളുടെ എണ്ണം കുറയുകയോ ചെയ്തില്ലെന്നാണ് വിലയിരുത്തല്‍.

Content Highlight: LDF will win 12 seats; CPIM State Secretariat with assessment