കോന്നി എല്‍.ഡി.എഫ് പിടിച്ചെടുക്കുമെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. എല്‍.ഡി.എഫ് അഞ്ചു ശതമാനം വോട്ടിന്റെ ഭൂരിപക്ഷം നേടി മണ്ഡലം പിടിച്ചെടുക്കുമെന്നാണു ഫലം പറയുന്നത്.
അതേസമയം ബി.ജെ.പി വളരെയധികം പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലത്തില്‍ കെ. സുരേന്ദ്രന് ലഭിക്കുക 12 ശതമാനം വോട്ട് മാത്രമായിരിക്കുമെന്നും ഫലം പറയുന്നു. യു.ഡി.എഫ് 41 ശതമാനം വോട്ട് നേടുമെന്നും അതില്‍ പറയുന്നു.
എക്‌സിറ്റ് പോള്‍ പ്രകാരം 2016-ലേതിനെക്കാള്‍ യു.ഡി.എഫ് 9.99 ശതമാനം വോട്ടിനു പിന്നിലാണിവിടെ. അതേസമയം എല്‍.ഡി.എഫ് 9.55 ശതമാനം മുന്നിലും. ബി.ജെ.പിയുടെ വോട്ടുനിലയില്‍ കാര്യമായ മാറ്റമില്ല.
മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ ഇത്തവണ യു.ഡി.എഫിന് പി. മോഹന്‍രാജാണു സ്ഥാനാര്‍ഥി. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അടൂര്‍ പ്രകാശ് നേരത്തേ തന്നെ അതൃപ്തി അറിയിച്ചിരുന്നു.
ഈ അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക യു.ഡി.എഫ് ക്യാമ്പില്‍ നിലനില്‍ക്കെയാണ് അട്ടിമറി സൂചന നല്‍കി എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നത്.
എറണാകുളവും യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് ജിയോവൈഡ് ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചിരുന്നു. മണ്ഡലം 44 ശതമാനം വോട്ട് നേടി യു.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് ഫലം പറയുന്നത്. 39 ശതമാനം വോട്ട് എല്‍.ഡി.എഫ് നേടുമ്പോള്‍ എന്‍.ഡി.എയ്ക്ക് 15 ശതമാനം മാത്രമാണ് വോട്ട് ലഭിക്കുകയെന്ന് ഫലം പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം മഞ്ചേശ്വരം യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമിക്കു പുറമേ മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലവും പറയുന്നു. 36 ശതമാനം വോട്ടാണ് യു.ഡി.എഫിനു ലഭിക്കുകയെന്ന് മനോരമ പറയുന്നു.
യു.ഡി.എഫ് 40 ശതമാനം വോട്ട് നേടുമെന്നും എന്‍.ഡി.എ 37 ശതമാനം വോട്ട് നേടുമെന്നുമാണ് മാതൃഭൂമി ന്യൂസ് ഫലത്തില്‍ പറയുന്നത്. കഴിഞ്ഞതവണയും യു.ഡി.എഫ് ജയിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍.ഡി.എയായിരുന്നു രണ്ടാംസ്ഥാനത്ത്. 89 വോട്ടിനു മാത്രമായിരുന്നു വിജയം. 74.12 ശതമാനമാണ് മഞ്ചേശ്വരത്തെ ഇത്തവണത്തെ പോളിങ്.