|

തൃശ്ശൂരില്‍ 12 സീറ്റ് ലഭിക്കുമെന്ന് സി.പി.ഐ.എം; വടക്കാഞ്ചേരി തിരിച്ചുപിടിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തൃശ്ശൂരില്‍ എല്‍.ഡി.എഫ് 12 സീറ്റുകളില്‍ ജയിക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. 2016 ലേതിന് സമാനമായ തെരഞ്ഞെടുപ്പ് ഫലമുണ്ടാകുമെന്നും കഴിഞ്ഞതവണ നഷ്ടമായ വടക്കാഞ്ചേരി ഇത്തവണ തിരിച്ചുപിടിക്കുമെന്നും വിലയിരുത്തുന്നു. തൃശ്ശൂരില്‍ മാത്രമാണ് പരാജയസാധ്യത കണക്കാക്കുന്നത്.

മണ്ഡലം കമ്മിറ്റികളില്‍നിന്ന് ശേഖരിച്ച കണക്കുകളും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകളും സെക്രട്ടേറിയറ്റ് പരിശോധിച്ചു. കുന്നംകുളത്ത് മന്ത്രി മൊയ്തീന്‍ 10,000 മുതല്‍ 20,000 വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും. വടക്കാഞ്ചേരിയില്‍ 5000 മുതല്‍ 10000 വരെ ഭൂരിപക്ഷത്തില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ജയിക്കുമെന്നുമാണ് വിലയിരുത്തുന്നത്.

അതേസമയം, തിരുവനന്തപുരത്ത് നേമവും അരുവിക്കരയും എല്‍.ഡി.എഫ് നേടുമെന്നാണ് സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ കണക്കുകള്‍. തിരുവനന്തപുരത്ത് 11 സീറ്റ് വരെ നേടാന്‍ കഴിയുമെന്നാണ് സി.പി.ഐ.എം പ്രതീക്ഷിക്കുന്നത്.

നിലവില്‍ എല്‍.ഡി.എഫിന് ജില്ലയിലുള്ള മേല്‍ക്കൈ നഷ്ടപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത്.
14 നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നേമം, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങളില്‍ ബി.ജെ.പി ശക്തമായ മത്സരം കാഴ്ചവച്ചു. എന്നാല്‍ നേമത്ത് കഴിഞ്ഞ തവണത്തേതു പോലെ യു.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് മറിയുന്ന സ്ഥിതി ഉണ്ടാകില്ലെന്നും ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫിന്റെ അടിസ്ഥാന വോട്ടുകള്‍ കൊണ്ട് വിജയിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ തിരുവനന്തപുരം, കോവളം, അരുവിക്കര എന്നിവ തിരിച്ചു പിടിക്കുമെന്ന ഉറപ്പില്ല. എന്നാല്‍ സ്ഥിതി മാറാനും സാധ്യതയുണ്ട്.നേമത്ത് അതിശക്തമായ ത്രികോണ മത്സരമാണ് നടന്നതെങ്കിലും വി.ശിവന്‍കുട്ടിക്കാണ് സാധ്യതയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്നത് തന്നെയാണ് സി.പി.ഐ.എമ്മിന്റെ കണക്കുകള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: LDF will get 12 seats in Thrissur