കാസർകോട്: കാസർക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെതിരായ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ വിവാദത്തിൽ. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പ്രചരണത്തിന് ഇറങ്ങണമെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നെറ്റിയിലെ കുറി മായ്ച്ച് കളയേണ്ടി വരുമെന്നും കയ്യിലെ ചരട് പൊട്ടിച്ച് കളയേണ്ടി വരുമെന്നുമാണ് എൽ.ഡി.എഫിന്റെ പ്രചരണ വീഡിയോയിൽ പറയുന്നത്.
കാസർക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണന്റെയും സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിഡിയോ പുറത്ത് വന്നത്. സംഭവം വിവാദമായതോടെ ഇരു നേതാക്കളും വീഡിയോ നീക്കം ചെയ്തു.
വീഡിയോക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്‌ലിം ലീഗ് പ്രതികരിച്ചു. മുസ്‌ലിം സമുദായത്തെ അപമാനിക്കുന്ന വിഡിയോയെ ജനങ്ങൾ വിലയിരുത്തട്ടെ എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഇതിനോട് പ്രതികരിച്ചത്. ഇത്രയും വലിയൊരു വർഗീയ പാർട്ടിയെ കാസർകോട്ടെ ജനങ്ങൾ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ പ്രചാരണത്തിൽ സി.പി.ഐ.എം ബി.ജെ.പിയെ മറികടന്നു എന്നാണ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പ്രതികരിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ആക്ഷേപിക്കുന്നതാണ് വിഡിയോ എന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയർന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ വീഡിയോ പിൻവലിച്ചത്.
Content Highlight: LDF video against Rajmohan Unnithan became controversial