സഹകരണ മേഖലയിലെ ഇ.ഡി ഇടപെടൽ പ്രതിരോധിക്കും; യു.ഡി.എഫ്-എൽ.ഡി.എഫ് സഹകാരികൾ ഒന്നിക്കുന്നു
കോഴിക്കോട്: സഹകരണ മേഖലയിലെ ഇ.ഡി ഇടപെടലിനെ ഒന്നിച്ച് പ്രതിരോധിക്കുമെന്ന് യു.ഡി.എഫ്-എൽ.ഡി.എഫ് സഹകാരികൾ. കോൺഗ്രസ്, സി.പി.ഐ.എം നേതാക്കളെ ഉൾപ്പെടുത്തി സഹകരണ സംരക്ഷണ സമിതി എന്ന പേരിൽ കോഴിക്കോട് കേന്ദ്രമാക്കി കൂട്ടായ്മക്ക് രൂപം നൽകി.
സഹകരണ മന്ത്രി വി.എൻ. വാസവൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് ജി.സി. പ്രശാന്ത് കുമാർ ചെയർമാനും കൺസ്യൂമർ ഫെഡ് ചെയർമാനും സി.പി.ഐ.എം നേതാവുമായ എം. മഹമൂദ് കൺവീനറുമായി സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു.
കരുവന്നൂർ സഹകരണ തട്ടിപ്പിൽ നടപടി ശക്തമാക്കിയതിന് പിന്നാലെ മറ്റു സഹകരണ ബാങ്കുകളിലേക്കും ഇ.ഡി അന്വേഷണം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ എതിരാളികൾ ഒരുമിക്കാൻ തീരുമാനിച്ചത്.
‘കേരളത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനുമാണ് സഹകരണ മേഖലയിൽ അപ്രമാദിത്യമുള്ളത്. അതുകൊണ്ട് ആ രണ്ട് മുന്നണികളെ തകർത്തുകഴിഞ്ഞാൽ ബി.ജെ.പി അജണ്ടകൾ കുറച്ചൂടെ ഫലപ്രദമായി പ്രയോഗിക്കാൻ പറ്റുമെന്ന പരീക്ഷണമാണ് പലയിടത്തും നടത്തിക്കൊണ്ടിരിക്കുന്നത്,’ സമിതി ചെയർമാൻ ജി.സി. പ്രശാന്ത് കുമാർ പറഞ്ഞു.
‘കേരളത്തിലെ സഹകരണ മേഖലയെ തകർക്കുക എന്ന ഗൂഢാലോചന അമിത് ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു.
അതിന്റെ അവസാനത്തെ രൂപമാണ് നമ്മൾ ഇപ്പോൾ കാണുന്നത്.
ഞങ്ങൾ രാഷ്ട്രീയം മറന്ന് സഹകാരി എന്ന പേരിലുള്ള കൂട്ടായ്മയുടെ ഭാഗമായി ഇ.ഡി നീക്കങ്ങളെ പ്രതിരോധിക്കാനും യാതാർത്ഥ്യങ്ങൾ ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു,’ സമിതി കൺവീനർ മഹമൂദ് പറഞ്ഞു.
സമിതിയുടെ ഭാഗമായി സെപ്റ്റംബർ അഞ്ച് കോഴിക്കോട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി ഇത്തരം കൂട്ടായ്മകൾ രൂപീകരിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.
Content Highlight: LDF-UDF to unite against ED investigations in cooperative sector