ആശങ്ക ഒട്ടുമില്ലെന്ന് ഉമ തോമസ്; വിജയം ഉറപ്പെന്ന് ജോ ജോസഫ്; വോട്ടണ്ണെല്‍ ആരംഭിച്ചു
Kerala News
ആശങ്ക ഒട്ടുമില്ലെന്ന് ഉമ തോമസ്; വിജയം ഉറപ്പെന്ന് ജോ ജോസഫ്; വോട്ടണ്ണെല്‍ ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2022, 7:43 am

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാകുമെന്ന് എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികൾ. പോളിംഗ് ശതമാനത്തില്‍ ആശങ്കയില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. മികച്ച ഭൂരിപക്ഷം നേടുമെന്നും ആശങ്ക ഒട്ടുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന് പിന്നാലെയാണ് കൗണ്ടിംഗ് സ്റ്റേഷനിലേക്ക് ഉമ തോമസ് പോയത്.

വിജയം ഉറപ്പാണെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും പ്രതികരിച്ചു. നിലവില്‍ ലെനിന്‍ സെന്ററിലാണ് ജാ ജോസഫ്. എം. സ്വരാജ് അടക്കമുള്ള നേതാക്കള്‍ വന്നതിന് ശേഷമാകും അദ്ദേഹം കൗണ്ടിംഗ് സ്റ്റേഷനിലേക്ക് പോകുക.

ബി.ജെ.പി വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടാവുമെന്നും ചിട്ടയായ സംഘടനാപ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, എട്ട് മണിയോടെ സ്‌ട്രോംഗ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിംഗ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും.

കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക.ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി.ടി. തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡാണ്.

ആദ്യ റൗണ്ടില്‍ ഉമയുടെ ലീഡ് 800നും ആയിരത്തി മുന്നൂറിനും ഇടയിലെങ്കില്‍ യുഡിഎഫ് ജയിക്കുമെന്നതിന്റെ കൃത്യമായ സൂചനയാകും അതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിംഗ് നടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും.