| Saturday, 29th October 2022, 7:14 pm

കണ്‍വെന്‍ഷന്‍, ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമം; ആരിഫ് മുഹമ്മദ് ഖാനെതിരെ ജനകീയ പ്രക്ഷോഭം കടുപ്പിക്കാന്‍ എല്‍.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിനെതിരെ നവംബര്‍ 2ന് തിരുവനതപുരം എ.കെ.ജി ഹാളില്‍ ജനകീയ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് എല്‍.ഡി.എഫ് പ്രസ്തവനയില്‍ പറഞ്ഞു.

ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

നവംബര്‍ 3 മുതല്‍ 12 വരെ ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. നവംബര്‍ 15ന് രാജ്ഭവന്റെ മുന്നില്‍ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധവും എല്‍.ഡി.എഫ് സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന എല്‍.ഡി.എഫ് നേതാക്കള്‍ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുമെന്നും പ്രസ്തവനയില്‍ പറഞ്ഞു.

ഗവര്‍ണര്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുകയാണ്. വി.സിമാരെ ഗവര്‍ണര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. സെനറ്റുകളില്‍ ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ എല്‍.ഡി.എഫ് ശക്തമായി തന്നെ ചെറുക്കും.

സര്‍വകലാശാല രംഗത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിപ്ലവാത്മകരമായ പദ്ധതികളാണ് നടപ്പിലാക്കിയതും നടപ്പിലാക്കുന്നതും. കേരള യൂണിവേഴ്സിറ്റി നാകിന്റെ എ ++ ഗ്രേഡും മഹാത്മാഗാന്ധി, കോഴിക്കോട് സര്‍വകലാശാലകള്‍ എ ഗ്രേഡോടെയും ദേശീയതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ കാലടി സര്‍വകലാശാലയും ഈ നേട്ടം കൈവരിച്ചിരുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്ല എന്ന് മനസിലാക്കിയ സംഘപരിവാര്‍ ശക്തികള്‍ ചാന്‍സലര്‍ പദവിയിലൂടെ വഴിവിട്ട നീക്കങ്ങള്‍ നടത്തുകയാണെന്നും എല്‍.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍.എസ്.എസ് അനുഭാവിയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മുന്നോട്ടുപോകുന്നത്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ആര്‍.എസ്.എസുകാരെ തിരുകി കയറ്റാന്‍ വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവര്‍ണറുടെ ശ്രമം. കേരളത്തില്‍ സംഘപരിവാര്‍ ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനുള്ള ശ്രമം തുടരുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണറുടെ അസാധാരണ നീക്കങ്ങള്‍ക്ക് പോലും പിന്തുണ പ്രഖ്യാപിക്കുകയാണ്. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കും അതിനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അന്ധവിശ്വാസവും അനാചാരങ്ങളും മുഖമുദ്രയാക്കിയവര്‍ അമിതാധികാര പ്രയോഗത്തിലൂടെ നാടിന്റെ അഭിമാനമായ സര്‍വകലാശാലകളെയും തകര്‍ക്കാനാണ് നീക്കം. ഗവര്‍ണറുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും എല്‍.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

CONTENT HIGHLIGHT:  LDF to intensify popular agitation against Grover Arif Mohammad Khan

We use cookies to give you the best possible experience. Learn more