കോഴിക്കോട്: ദിലീപിനെ തിരിച്ചെടുക്കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ച സാഹചര്യത്തില്‍ ഇടതുപക്ഷം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യമുയരുന്നു. ഇടതുപക്ഷത്തു നിന്നും മത്സരിച്ചു ജയിച്ച മുകേഷ്, കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍ ഉന്നത പദവികള്‍ വഹിക്കുന്ന ഒരു സംഘടന ഇത്തരമൊരു നിലപാട് സ്വീകരിച്ചതാണ് വിമര്‍ശനത്തിന് ആധാരം.
ഇടതുപക്ഷ എം.എല്‍.എമാരായ കെ.ബി ഗണേഷ്‌കുമാര്‍, മുകേഷ് എന്നിവര്‍ അമ്മയുടെ വൈസ് പ്രസിഡന്റുമാരാണ്. കൂടാതെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇപ്പോള്‍ പുറത്തുപോയ ഇന്നസെന്റ് ഇടത് എം.പിയുമാണ്. ഇവര്‍ സംഘടനയില്‍ ഇരിക്കെയാണ് ബലാത്സംഗക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട് വിചാരണ നേരിടുന്ന ദിലീപിനെ തിരിച്ചെടുക്കാന്‍ സംഘടന തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ചാലക്കുടിയിലെയും കൊല്ലത്തേയും ജനപ്രതിനിധികളെ രാജിവെയ്പ്പിച്ച് ഉപതെരഞ്ഞെടുപ്പു നടത്തുകയാണ് കേരളത്തിലെ ഇടതുപക്ഷം അടിയന്തിരമായി ചെയ്യേണ്ടതെന്നാണ് ടി.സി രാജേഷ് സിന്ധു ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.
മുകേഷ് എങ്ങനെ ഈ പാര്‍ട്ടിയുടെ എം.എല്‍.എയായി തുടരുന്നുവെന്നതിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്നാണ് രാംകുമാര്‍ ചോദിക്കുന്നത്.
“ചോദിക്കാനുള്ളത് Kodiyeri Balakrishnan നോടാണ്… മുകേഷ് എങ്ങനെ ഇ പാര്‍ട്ടിയുടെ എം.എല്‍.എ ആയി തുടരുന്നു?”
“പൊതുജീവിതത്തില്‍ ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അഭിവന്ദ്യ ജനപ്രതിനിധികളും എ.എം.എം.എ ഭാരവാഹികളുമായ ചാലക്കുടി എം.പി ഇന്നസെന്റിനും കൊല്ലം എം.എല്‍.എ മുകേഷ് ബാബുവിനും പത്തനാപുരം എം.എല്‍.എ കെ.ബി.ഗണേഷ് കുമാറിനും അഭിവാദ്യങ്ങള്‍.” എന്നാണ് സുജിത് ചന്ദ്രന്റെ പരിഹാസം.
കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാമും ഇത്തരമൊരു വിമര്‍ശനം മുന്നോട്ടുവെച്ചിട്ടുണ്ട്. അമ്മ”യുടെ പുതിയ രണ്ട് വൈസ് പ്രസിഡണ്ടുമാരേയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ടിനേയും ജനപ്രതിനിധികളാക്കിയ പ്രസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ “ഇടതുപക്ഷ” ജനാധിപത്യ മുന്നണി രാഷ്ട്രീയമായിത്തന്നെ മറുപടി പറയേണ്ട ചോദ്യങ്ങളാണ് സിനിമാ മേഖലയിലെ ആര്‍ജ്ജവമുള്ള ഈ സ്ത്രീകള്‍ ചോദിക്കുന്നത്.” എന്നാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം.
ഇടതുപക്ഷ നിലപാടുകളിലൂടെ വിസ്മയം തീര്‍ക്കും ജനപ്രതിനിധികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് രശ്മി നായരുടെ പരിഹാസം. “ഇടതുപക്ഷ നിലപാടുകളിലൂടെ വിസ്മയം തീര്‍ക്കുന്ന എഎംഎംഎ ഭാരവാഹികള്‍ ആയ കൊല്ലം എം.എല്‍.എ മുകേഷിനും പത്തനാപുരം എം.എല്‍.എ ഗണേഷിനും പിന്നെ ആ ഇടതു കോമാളി എം.പിക്കും വിപ്ലവാഭിവാദ്യങ്ങള്‍.” രശ്മി കുറിക്കുന്നു.
ഇടതുപക്ഷം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് സംവിധായകന്‍ ആഷിക് അബു ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
” എനിക്ക് തോന്നുന്നത് കേരളത്തിലെ ഇടതുപക്ഷം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നാണ്. ഇവരുടെ നിലപാടെന്താണ് ? ഇടതുപക്ഷം എന്ന് പറയുന്ന പൊളിറ്റിക്കല്‍ ഐഡിയോളജിയോട് ഏത് തരത്തിലാണ് ഇവര്‍ യോജിച്ച് നിക്കുന്നതെന്ന് ഇവിടുത്തെ പാര്‍ട്ടി മെമ്പര്‍മാരുടെ ചോദ്യമുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. ” എന്നാണ് അദ്ദേഹം പറഞ്ഞത്.