| Saturday, 6th July 2019, 5:34 pm

വി.ടി ബല്‍റാമിനെതിരായ ബഹിഷ്‌ക്കരണം; എല്‍.ഡി.എഫില്‍ ഭിന്നത, നിര്‍മ്മാണം പൂര്‍ത്തിയായ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നടത്തുന്നില്ലെന്ന് ആക്ഷേപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃത്താല: എ.കെ.ജിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വി.ടി ബല്‍റാം എം.എല്‍.എയുടെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ ചൊല്ലി നിയോജക മണ്ഡലം എല്‍.ഡി.എഫില്‍ ഭിന്നത. സി.പി.ഐയാണ് തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

തൃത്താലയിലെ നിരവധി വികസപദ്ധതികളും പൂര്‍ത്തിയായിട്ടും എം.എല്‍.എയെ പങ്കെടുപ്പിക്കേണ്ടതിനാല്‍ ഉദ്ഘാടനം വൈകിപ്പിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നു. ഇപ്പോള്‍ സി.പി.ഐയും ഇതേ ആക്ഷേപമാണ് ഉന്നയിക്കുന്നത്.

എം.എല്‍.എയെ ബഹിഷ്‌ക്കരിച്ചുകൊണ്ട് ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ ചെല്ലുക്കുട്ടി വ്യാഴാഴ്ച നടന്ന പാര്‍ട്ടി മണ്ഡലം കമ്മറ്റി യോഗത്തില്‍ പറഞ്ഞു. തൃത്താല വില്ലേജ് ഓഫീസ് ഈ മാസം പകുതിയോടുകൂടി ഉദ്ഘാടനം ചെയ്യുമെന്നും പദ്ധതികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം അവസാനം നടന്ന എ.ഐ.വൈ.എഫ് മണ്ഡലം കണ്‍വെണ്‍ഷനിലും ബഹിഷ്‌ക്കരണം അവസാനിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
തൃത്താല വില്ലേജ് ഓഫീസ്, കപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, ആനക്കര റവന്യൂ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, തൃത്താല പോലീസ് സ്റ്റേഷന്‍ തുടങ്ങി നിരവധി വികസനപദ്ധതികള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്തുന്നില്ലെന്നും പ്രമേയത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നു.

എന്നാല്‍ നേരത്തെ എടുത്ത നിലപാടില്‍ തന്നെ മുന്നോട്ട് പോവുമെന്ന് സി.പി.ഐ.എം വ്യക്തമാക്കുന്നു. ബല്‍റാം പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളും ബഹിഷ്‌ക്കരിക്കാന്‍ തന്നെയാണ് തീരുമാനം. ഈ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ഏരിയാ സെക്രട്ടറി പി.എന്‍ മോഹനന്‍ മാതൃഭൂമിയോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more