കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി- ട്വന്റി ട്വന്റി വോട്ടുകള്‍ ആര്‍ക്കെന്ന ചര്‍ച്ചകള്‍ നടക്കാനിരിക്കെ ട്വന്റി ട്വന്റിയുടെ വോട്ട് അഭ്യര്‍ത്ഥിച്ച് എല്‍.ഡി.എഫ്. ‘എല്ലാ കക്ഷിളുടേയും വോട്ട് വേണം. വേഗത്തില്‍ കാര്യങ്ങള്‍ നടത്തണമെന്നാണ് ട്വന്റി ട്വന്റി പറയുന്നത്. ഈ സര്‍ക്കാര്‍ അതിവേഗത്തിലാണ് കാര്യങ്ങള്‍ നടത്തുന്നത്. സ്വാഭാവികമായും ട്വന്റി ട്വന്റി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’ മന്ത്രി പി.രാജീവ് പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പരസ്യമായി ട്വന്റി ട്വന്റിയുടെ വോട്ട് വേണമെന്ന നിലപാട് എല്‍.ഡി.എഫ് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും,അത് ആവശ്യപ്പെട്ടത് യു.ഡി.എഫ് ആണെന്നും കഴിഞ്ഞ ദിവസം ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞിരുന്നു. ട്വന്റി ട്വന്റിയേയും കിറ്റക്‌സിനേയും ഏറ്റവുമധികം ദ്രോഹിച്ചത് ഇടതുമുന്നണിയാണെന്നും സാബു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എല്‍.ഡി.എഫ് രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ മണ്ഡലത്തില്‍ ഇന്നും തുടരും.
അതേസമയം തൃക്കാക്കര മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബദല്‍ രാഷ്ട്രീയ സാധ്യതകള്‍ തേടി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ കൊച്ചിയിലെത്തി.
തൃക്കാക്കരയില്‍ ആം ആദ്മിയും ട്വന്റി ട്വന്റിയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
കിഴക്കമ്പലത്ത് നടക്കുന്ന പൊതുയോഗത്തില്‍ വെച്ച് ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബും, ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ചേര്‍ന്നായിരിക്കും പ്രഖ്യാപനം നടത്തുക.
മെയ് 31നാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. പി.ടി തോമസിന്റെ ഭാര്യയായ ഉമാ തോമസാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനായ ജോ ജോസഫ് ഇടതുമുന്നണിയ്ക്കായി കളത്തിലിറങ്ങും.