| Monday, 10th July 2023, 2:16 pm

ബി.ജെ.പി പിന്തുണയില്‍ ഭരണം വേണ്ട; പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിന്റെ സുഹറ ബഷീര്‍ രാജിവച്ചു. മൂന്ന് അംഗ ബി.ജെ.പി പ്രതിനിധികളുടെ വോട്ട് കിട്ടിയതോടെയാണ് പാലക്കാട് പിരായിരി പഞ്ചായത്തില്‍ ജനതാദള്‍ എസ് അംഗം പ്രസിഡന്റായിരുന്നത്. ബി.ജെ.പി പിന്തുണയില്‍ ഭരണം വേണ്ട എന്ന നിലപാടിനെ തുടര്‍ന്നാണ് രാജി.

നാല് ദിവസം മുമ്പാണ് പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയിരുന്നത്.
യു.ഡി.എഫിലെ കോണ്‍ഗ്രസ്, ലീഗ് ധാരണ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

21 അംഗ ഭരണ സമിതിയില്‍ യു.ഡി.എഫ് 10, എല്‍.ഡി.എഫ് എട്ട്, ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സുഹറ ബഷീറിന് പതിനൊന്നും യു.ഡി.എഫിലെ ഷെറീന ബഷീറിന് പത്തും വോട്ടുകളാണ് ലഭിച്ചിരുന്നത്

എല്‍.ഡി.എഫിന് ബി.ജെ.പി പിന്തുണ ലഭിച്ചതോടെ പഞ്ചായത്തില്‍ സി.പി.ഐ.എം- ബി.ജെ.പി കൂട്ടുകെട്ടെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. എന്നാല്‍ വോട്ട് ചെയ്തതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ബി.ജെ.പിയുമായി യാതൊരു സഖ്യവുമില്ലെന്നാണ് എല്‍.ഡി.എഫ് വിഷയത്തില്‍ ആദ്യം പ്രതികരിച്ചിരുന്നത്.

അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത ബി.ജെ.പി വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തിരുന്നില്ല. ഇതോടെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം വിജയിച്ചിരുന്നു.

അതുകൊണ്ടുതന്നെ ലീഗ് പ്രതിനിധി പ്രസിഡന്റാകാതിരിക്കാനാണ് ബി.ജെ.പി യു.ഡി.എഫിന് വോട്ട് ചെയ്തതെന്നും ആരോപണവുമുണ്ട്.

Content Highlight: LDF’s Suhara Basheer has resigned as Pirairi Panchayat President

We use cookies to give you the best possible experience. Learn more