കൊച്ചി: ഹൈക്കോടതിയില്‍ നിന്നും വലിയ വിമര്‍ശനവും തിരിച്ചടിയും നേരിട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് സുരേന്ദ്രനെതിരെ കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള ആഹ്വാനവുമായിട്ടാണ് എല്‍.ഡി.എഫ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് ഉത്തരവ് ഉണ്ടോയെന്നും മറ്റെന്തെങ്കിലും തെളിവുകളുണ്ടോയെന്നും കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സുരേന്ദ്രന്റെ അഭിഭാഷകന്റെ മറുപടി. ഇതിന് പിന്നാലെ മാര്‍ച്ചില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ ആരൊക്കെയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. മാര്‍ച്ച് തുടങ്ങിയ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് കൂടി കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പൊതുതാത്പര്യ ഹരജിയുമായിട്ടായിരുന്നു സുരേന്ദ്രന്‍ രാജ്ഭവന്‍ മാര്‍ച്ചിനെതിരെ കോടതിയെ സമീപിച്ചിരുന്നത്. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നു, ഹാജര്‍ ഉറപ്പാക്കിയാണ് പങ്കെടുപ്പിക്കുന്നത് എന്നിങ്ങനെയായിരുന്നു സുരേന്ദ്രന്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍.
സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണക്കെതിരെ നടക്കുന്ന സമരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനാല്‍ അവരെ തടയണമെന്ന് കൂടി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് തടസമില്ലെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയം ഉന്നയിച്ച് സുരേന്ദ്രന്‍ നല്‍കിയ പരാതി പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുക മാത്രമാണ് കോടതി നിലവില്‍ ചെയ്തിട്ടുള്ളത്.
അതേസമയം വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് രാജ്ഭവന്‍ മാര്‍ച്ചും അനുബന്ധ സമര പരിപാടികളും നടക്കുന്നത്. രാജ്ഭവന് ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് ഇടതുമുന്നണി പ്രതിരോധ മാര്‍ച്ചിന് തുടക്കം കുറിച്ചത്.
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിരോധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസരംഗത്തെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും ഈ പോരാട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളും കേരളത്തിനൊപ്പം അണിചേരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
കേരളത്തിന്റെ രോഷം ഗവര്‍ണര്‍ അറിയുമെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ശക്തമായ ജനകീയമുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. സമരത്തില്‍ ഭാഗമായ എല്‍.ഡി.എഫിലെ വിവിധ കക്ഷികളുടെ അധ്യക്ഷന്മാരെല്ലാം ഗവര്‍ണക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. ഡി.എം.കെ നേതാവ് തിരുച്ചി ശിവയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രതിരോധ മാര്‍ച്ചിനൊപ്പം ജില്ലാ തലങ്ങളിലും സമരപരിപാടികള്‍ നടക്കുന്നുണ്ട്.
Content Highlight: LDF’s Rajbhavan march becomes a huge success while BJP’s K Surendran faces a sharp criticism from the HC