| Thursday, 25th April 2024, 7:48 pm

കെ.കെ. ശൈലജ 'കാഫിറായ സ്ത്രീ സ്ഥാനാര്‍ത്ഥി'; വര്‍ഗീയ പ്രചരണത്തില്‍ യു.ഡി.എഫിനെതിരെ എല്‍.ഡി.എഫിന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫിനെതിരെ എല്‍.ഡി.എഫിന്റെ പരാതി. സമൂഹ മാധ്യമങ്ങള്‍ വഴി യു.ഡി.എഫും മുസ്‌ലിം ലീഗും ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗീയ പ്രചരണം നടത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പ്രചരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും എല്‍.ഡി.എഫ് വടകര മണ്ഡലം കമ്മിറ്റി പരാതി നല്‍കി. വടകര മണ്ഡലം ട്രഷറര്‍ സി. ഭാസ്‌ക്കരന്‍ മാസ്റ്ററാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇടതു സ്ഥാനാര്‍ത്ഥിയും മുന്‍ ആരോഗ്യ മന്ത്രിയുമായിരുന്ന കെ.കെ. ശൈലജ ‘കാഫിറായ സ്ത്രീ സ്ഥാനാര്‍ത്ഥി’ ആണെന്ന പ്രചരണമാണ് യു.ഡി.എഫ് നടത്തുന്നതെന്നാണ് പരാതി.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബോധപൂര്‍വം മതവികാരം ഉണ്ടാക്കാന്‍ വര്‍ഗീയ പ്രചരണം നടത്തുകയാണ് എന്ന് എല്‍.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിനെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കുന്നത് ഉള്‍പ്പടെയുള്ള ഗുരുതരമായ ചട്ടലംഘനമാണ് നടന്നിരിക്കുന്നതെന്നും എല്‍.ഡി.എഫ് പറഞ്ഞു. ഷാഫി പറമ്പിലിനെതിരെയും നടപടി സ്വീകരിക്കണമെന്നാണ് എല്‍.ഡി.എഫിന്റെ ആവശ്യം.

അതേസമയം വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നു എന്ന ആരോപണത്തില്‍ കെ.കെ. ശൈലജ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം.

എന്നാല്‍ വടകരയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തനിക്കെതിരെ അശ്ലീല ചിത്രങ്ങളുംവ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നു എന്നാണ് കെ.കെ. ശൈലജ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സി.പി.ഐ.എം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

Content Highlight: LDF’s complaint against UDF on communal propaganda in Vadakara

We use cookies to give you the best possible experience. Learn more