| Friday, 9th August 2013, 6:17 am

സി.ആര്‍.പി.എഫിനെയും നിരോധനാജ്ഞ കൊണ്ടും ജനങ്ങളോട് ഭീഷണി വേണ്ട: എല്‍.ഡി.എഫ് കണ്‍വീനര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 12 മുതല്‍ എല്‍.ഡി.എഫ് നടത്തുന്ന സെക്രട്ടറിയറ്റ് ഉപരോധത്തെ ഭീഷണി കൊണ്ട് നേരിടാമെന്ന വ്യാമോഹം വേണ്ടെന്ന് വൈക്കം വിശ്വന്‍. അര്‍ദ്ദസൈനിക വിഭാഗമായ സി.ആര്‍.പി.എഫിനെ ഇറക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കഴിയില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.[]

സ്വന്തം മുന്നണിയിലും പാര്‍ട്ടിയിലും ജനങ്ങളില്‍ നിന്നും എല്ലാ തരത്തിലും ഒറ്റപ്പെട്ട ഒരാളുടെ ശബ്ദമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കിപ്പോള്‍. സമരത്തെ എന്ത് വില കൊടുത്തും അടിച്ചമര്‍ത്തുമെന്നെല്ലാം പറയുന്നത് അതുകൊണ്ടാണ്. ഇത്തരം ഭീഷണി കൊണ്ടൊന്നും സോളാര്‍ തട്ടിപ്പില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാവില്ല.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമുള്ള പങ്ക് പല തരത്തിലും പുറത്ത് വന്നതാണ്. അതിനാല്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. അല്ലാതെ ജനങ്ങളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കുകയല്ല വേണ്ടത്. അദ്ദേഹം മുന്നോട്ട് വെക്കുന്ന വാദങ്ങളൊന്നും തന്നെ വിലപ്പോകുന്നതല്ല. എല്ലാ അധികാരവും ഉപയോഗിച്ച് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമുള്ള പങ്ക് തേച്ചുമാച്ചു കളയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ബഹുജനങ്ങളില്‍ നിന്നാകെ ഒറ്റപ്പെട്ട ഒരാളുടെ പ്രതികരണമാണ് ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ഇന്നുണ്ടാകുന്നത്. ജനങ്ങളില്‍ നിന്ന് മാത്രമല്ല കോണ്‍ഗ്രസിനകത്തും ഒറ്റപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രിയിപ്പോള്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കകത്ത് ഒരു ഹിത പരിശോധന നടത്തിയാല്‍ മനസ്സിലാക്കാവുന്ന കാര്യമാണിത്.

എല്‍.ഡി.എഫ് സമരം ഭരണം സ്തംഭിപ്പിക്കാനാണെന്നാണ് ഉമ്മന്‍ ചാണ്ടിയിപ്പോള്‍ പറയുന്നത്. സോളാര്‍ കേസ് പുറത്തുവന്നശേഷം ഇവിടെയൊരു ഭരണമുണ്ടോയെന്ന് വൈക്കം വിശ്വന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ മുന്നണിയില്‍ നിന്ന് തന്നെ സോളാര്‍ കേസ് പുറത്ത് വന്നതിന് ശേഷം മന്ത്രിസഭാ പുന:സംഘടനയെന്നൊക്കെ പറഞ്ഞ് നടക്കുന്ന ചര്‍ച്ച ഭരണപ്രതിസന്ധിയുണ്ടാക്കിയെന്ന വാദം ഉയര്‍ന്ന് വന്നു കഴിഞ്ഞതാണ്.

കെ.പി.സി.സി പ്രസിഡന്റിനും കേരളകോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ഉമ്മന്‍ ചാണ്ടിയോടുള്ള എതിരഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞതാണ്. സ്വന്തം പാര്‍ട്ടിക്കകത്തും മുന്നണിയിലുള്ളവര്‍ക്ക് പോലും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനോട് താല്‍പര്യമില്ല. അതിനാല്‍ സംസ്ഥാനത്തുണ്ടായ ഭരണ സ്തംഭനം ഒഴിവാക്കാനും കൂടിയാണ് എല്‍.ഡി.എഫ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഉപരോധസമരം നടത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനേയും അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് തയ്യാറല്ല. അതുകൊണ്ട് തന്നെ 1957 ലേത് പോലെ ജനാധിപത്യ വിരുദ്ധമായ വിമോചന സമരമായി എല്‍.ഡി.എഫ് സമരത്തെ കാണേണ്ടതുമില്ല.

സമരത്തിന്റെ ആദ്യദിനത്തില്‍  സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി, ജനതാദള്‍ അഖിലേന്ത്യാ പ്രസിഡന്റ് ദേവഗൗഡ, ആര്‍.എസ്.പി അഖിലേന്ത്യാ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ എന്നിവര്‍ പങ്കെടുക്കും.

We use cookies to give you the best possible experience. Learn more