| Tuesday, 19th January 2021, 12:02 pm

മഞ്ഞളാംകുഴി അലി മങ്കടയിലേക്ക് മാറുമോ, പെരിന്തല്‍മണ്ണ പിടിക്കാനൊരുങ്ങി എല്‍.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പെരിന്തല്‍മണ്ണ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 509 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതും ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ എല്‍.ഡി.എഫ് കൂടുതല്‍ വോട്ടുകള്‍ നേടിയതുമാണ് മണ്ഡലത്തെ നിര്‍ണായകമാക്കുന്നത്.

കഴിഞ്ഞ രണ്ട് തവണയും പെരിന്തല്‍മണ്ണയില്‍ എം.എല്‍.എ ആയി വിജയിച്ച യു.ഡി.എഫിന്റെ മഞ്ഞളാംകുഴി അലി ഇത്തവണ ഹാട്രിക് വിജയത്തിനായി തയ്യാറെടുക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് പരിഗണിക്കുന്നത് മണ്ഡലത്തിലെ മുന്‍ എം.എല്‍.എ ആയ വി. ശശികുമാറിനെ തന്നെയാണ്. കഴിഞ്ഞ രണ്ട് തവണയും വി.ശശികുമാര്‍ തന്നെയായിരുന്നു മഞ്ഞളാകുഴി അലിയുടെ എതിരാളി. ശക്തമായ മത്സരം കാഴ്ചവെച്ച 2016 ലെ തെരഞ്ഞെടുപ്പില്‍ കേവലം 509 വോട്ടിനാണ് ശശികുമാര്‍ പരാജയപ്പെട്ടത്.

മണ്ഡലം രൂപീകരിക്കപ്പെട്ട ആദ്യ കാലങ്ങളില്‍ ഇടതിനൊപ്പമായിരുന്നു പെരിന്തല്‍മണ്ണ. 1957ല്‍ സി.പി.ഐയിലെ പി ഗോവിന്ദന്‍ നമ്പ്യാരും, 1960ല്‍ ഇ.പി ഗോപാലനും വിജയിച്ച മണ്ഡലത്തില്‍ 1967ല്‍ സി.പി.ഐ.എമ്മിലെ പി.എം കുട്ടിയും വിജയം സ്വന്തമാക്കി. പിന്നീട് ദീര്‍ഘകാലം മുസ്‌ലിം ലീഗാണ് മണ്ഡലത്തില്‍ വിജയിച്ചത്. 1970, 1977 വര്‍ഷങ്ങളില്‍ ലീഗിന്റെ കെ.കെ.എസ് തങ്ങളും ശേഷം 1980, മുതല്‍ 2001 വരെ ആറ് തവണ നാലകത്ത് സൂപ്പിയും വിജയിച്ച മണ്ഡലം 2006ല്‍ വി. ശശികുമാറിലൂടെ എല്‍.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് എല്‍.ഡി.എഫ് മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളത് എങ്കിലും ഇടതുപക്ഷം എപ്പോഴും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പെരിന്തല്‍മണ്ണ.

2006 ല്‍ മങ്കടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച മഞ്ഞളാംകുഴി അലി സി.പി.ഐ.എമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2010 ഒക്ടോബറില്‍ നിയമസഭാംഗത്വം രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നതോടെയാണ് പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. 2011ല്‍ വി. ശശികുമാറിനെതിരെ മത്സരിച്ച് 9589 വോട്ടിന്റെ ലീഡ് നേടിയെങ്കിലും 2016ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 579 വോട്ടുകളായി കുറഞ്ഞു.

ഇത്തവണ പെരിന്തല്‍മണ്ണ ഉപേക്ഷിച്ച് മഞ്ഞളാകുഴി അലി മങ്കടയിലേക്ക് തന്നെ മടങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എങ്കിലും തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സി.പി.ഐ.എമ്മും മുസ്‌ലിം ലീഗും നേരിട്ട് ഏറ്റുമുട്ടാന്‍ പോകുന്ന മണ്ഡലങ്ങളിലൊന്നായിരിക്കും പെരിന്തല്‍മണ്ണ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Ldf Plans to win Perinthalmanna

We use cookies to give you the best possible experience. Learn more