ആര്‍.എസ്.എസ് 'ചട്ടുകത്തെ' ചെറുത്ത് തോല്‍പ്പിക്കണം; ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് ലഘുലേഖ
Kerala News
ആര്‍.എസ്.എസ് 'ചട്ടുകത്തെ' ചെറുത്ത് തോല്‍പ്പിക്കണം; ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് ലഘുലേഖ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th November 2022, 3:14 pm

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് എല്‍.ഡി.എഫ്. വീടുകളില്‍ ലഘുലേഖ വിതരണം ആരംഭിച്ചു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന തലക്കെട്ടോടെയുള്ള ലഘുലേഖയില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്.

പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും ലഘുലേഖയില്‍ വിശദീകരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഇടപെടല്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വലിയ കുതിപ്പുണ്ടാക്കി.

ചരിത്രത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി ആയിരത്തിലധികം കോടി രൂപയുടെ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയെന്നും ലഘുലേഖയില്‍ പറയുന്നു.

വിദ്യാഭ്യാസം കൈപ്പിടിയിലാക്കുക സംഘപരിവാര്‍ അജണ്ടയാണെന്ന് ലഘുലേഖയില്‍ വിമര്‍ശിക്കുന്നു.
‘കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ആര്‍.എസ്.എസ് വിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കുക എന്ന നയം ശക്തമാക്കി. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള നീക്കം തടയപ്പെട്ടതോടെ അരിശം മൂത്ത് മന്ത്രിമാര്‍ക്കെതിരെയും ചാന്‍സലര്‍ ഇറങ്ങിയിരിക്കുകയാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രത്തില്‍ പോലും ഇല്ലാത്ത സംഭവമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെ ഉണ്ടായത്. ഭരണഘടന സംബന്ധിച്ച അടിസ്ഥാന ധാരണ പോലും ഗവര്‍ണര്‍ക്കില്ലെന്നതിന്റെ മറ്റൊരു തെളിവാണിത്.

കേരളത്തിന്റെ പൊതുവായ വികസനത്തെ തടയുന്നതിനുള്ള ഇടപെടലാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഉന്നതവിദ്യഭ്യാസ മേഖലയെ തകര്‍ക്കുന്നതിന് ചാന്‍സലറെ ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആര്‍.എസ്.എസ് അനുചരന്‍മാരെ എത്തിക്കാനുള്ള ശ്രമമമാണ് ഗവര്‍ണര്‍ നടത്തുന്നത്.

കേരളത്തെയും പുതിയ തലമുറയുടെ ഭാവിയും സംരക്ഷിക്കുന്നതിന് ആര്‍.എസ്.എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ചാന്‍സലറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്,’ ലഘുലേഖയില്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലിറക്കിയ ലഘുലേഖ ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ചു തുടങ്ങി. രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായാണ് വീടുകളില്‍ ലഘുലേഖ എത്തിക്കുന്നത്.

Content Highlight: LDF Pamphlet Against Governor Arif Mohammad Khan