| Monday, 9th May 2016, 10:50 pm

' ഊരും പേരുമില്ലാത്ത ചിലര്‍ ' പ്രഖ്യാപിച്ച ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണയില്ലെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: “ഊരും പേരുമില്ലാത്ത ചിലര്‍” എല്‍.ഡി.എഫിനോട് ആലോചിക്കാതെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള ദലിത് കോ ഓര്‍ഡിനേഷന്‍ മൂവ്‌മെന്റാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രമുഖ ദളിത് സംഘടനയായ കെ.പി.എം.എസിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകളുമായി ബന്ധമില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു. നാളത്തെ ഹര്‍ത്താലിന് എല്‍.ഡി.എഫിന്റെ പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.

മുപ്പതിലേറെ ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്‌മെന്റ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡന നിരോധനിയമപ്രകാരവും കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ കേസില്‍ ഒന്നാംപ്രതിയായ പെരുമ്പാവൂരിലെ പൊലീസിനെതിരെയും പട്ടികജാതി പീഡന നിരോധ നിയമപ്രകാരം കേസെടുക്കണം. ജിഷയുടെ മരണത്തിനു ഉത്തരവാദികളായ ജനപ്രതിനിധികളെ ദലിത് സംഘടനകളും ജനാധിപത്യ വിശ്വാസികളും ബഹിഷ്‌കരിക്കണം. ഇനിയൊരു ജിഷയും സൗമ്യയും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും ഉണ്ടാകും.

We use cookies to give you the best possible experience. Learn more