ഇടത് എം.എല്‍.എമാര്‍ ഒഞ്ചിയത്ത്: പി.ടി.എ റഹീമും ഇ.കെ വിജയനും പിന്മാറി
Kerala
ഇടത് എം.എല്‍.എമാര്‍ ഒഞ്ചിയത്ത്: പി.ടി.എ റഹീമും ഇ.കെ വിജയനും പിന്മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th May 2012, 11:26 am

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ മേഖലയില്‍ ഇടത് എം.എല്‍.എമാരുടെ സംഘം സന്ദര്‍ശനം ആരംഭിച്ചു.  ഇടത് എം.എല്‍.എമാരുടെ സംഘത്തില്‍ നിന്ന് ഐ.എന്‍.എല്‍ എം.എല്‍.എ പി.ടി.എ. റഹീമും സി.പി.ഐ എം.എല്‍.എ ഇ.കെ വിജയനും വിട്ടുനില്‍ക്കും.

മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് പിന്‍മാറിയതെന്നും താന്‍ തിരുവനന്തപുരത്താണെന്നും റഹീം വ്യക്തമാക്കി. പ്രദേശത്തെ ജനരോഷം കണക്കിലെടുത്താണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് ഇ.കെ വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.

അതേസമയം ചന്ദ്രശേഖരന്റെ കുടുംബത്തിന് എതിര്‍പ്പുണ്ടെങ്കില്‍ വീട് സന്ദര്‍ശിക്കില്ലെന്ന് എളമരം കരീം അറിയിച്ചു.   സി.പി.ഐ.എം എം.എല്‍.എമാര്‍ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നത് തടയുമെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അറിയിച്ചിരുന്നു. വടകര നാദാപുരം റൂട്ടിലെ സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് എളമരം കരീമിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരുടെ സംഘം യാത്ര തിരിച്ചത്.

കല്ലേറില്‍ തകര്‍ന്ന നാദാപുരം റോഡിലെ സി.പി.ഐ.എം ഏരിയാ കമ്മറ്റി ഓഫീസാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. കല്ലേറില്‍ ഈ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും എം.എല്‍.എമാര്‍ക്കൊപ്പം ഉണ്ട്.

എം.എല്‍.എമാരുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസിന് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സംഘം സന്ദര്‍ശിക്കുന്ന എല്ലാ മേഖലകളിലും പോലീസിന്റെ നിരീക്ഷണവും സാന്നിധ്യവും ശക്തമാക്കിയിട്ടുണ്ട്. എട്ട് എം.എല്‍.എമാരാണ് സംഘത്തിലുള്ളത്.

Malayalam news

Kerala news in English