| Wednesday, 15th June 2016, 3:00 pm

യു.ഡി.എഫ് സര്‍ക്കാരിന്റെ ഭൂരിപക്ഷം ഉത്തരവുകളും ക്രമവിരുദ്ധമെന്ന് ഉപസമിതി കണ്ടെത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ ഭൂരിപക്ഷം ഉത്തരവുകളും ചട്ടവിരുദ്ധമായിരുന്നെന്ന് കണ്ടെത്തല്‍. റവന്യൂ വകുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായും പരിശോധന നടത്തിയ മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളും പുനഃപരിശോധിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഉത്തരവുകളിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. 127 ഉത്തരവുകളാണ് മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്. ഇതില്‍ ഭൂരിപക്ഷവും ചട്ടവിരുദ്ധമായിരുന്നെന്ന് ഉപസമിതിയുടെ പരിശോധനയില്‍ വ്യക്തമായി. മെത്രാന്‍ കായല്‍, ഹോപ് പ്ലാന്റേഷന്‍, ചെമ്പ് ഭൂമി ഇടപാട്, കടമക്കുടി നിലംനികത്തല്‍ തുടങ്ങിയവ സംബന്ധിച്ചുണ്ടായ ഉത്തരവുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

റവന്യൂ വകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഇടപാടുകള്‍ റദ്ദാക്കുന്നതിന് നടപടിയുണ്ടാകുമെന്നാണ് സൂചന. ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.

2015 ജനുവരി ഒന്നു മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ പുന:പരിശോധിക്കാന്‍ പുതിയ മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടിയാണ് എ.കെ ബാലന്‍ അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപവല്‍ക്കരിച്ചത്.

We use cookies to give you the best possible experience. Learn more