| Friday, 27th January 2017, 7:36 am

ബോംബെറിഞ്ഞവര്‍ കേന്ദ്രത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ വരുത്തി യാത്ര ചെയ്യേണ്ടിവരും: ഉഴവൂര്‍ വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത വേദിക്ക് സമീപം ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നടപടിയില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ തെരുവില്‍ നേരിടുമെന്ന് രമേശ് ചെന്നിത്തലയും ദല്‍ഹിയില്‍ നേരിടുമെന്ന് ആര്‍.എസ്.എസും ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ നടന്ന ഈ സംഭവത്തിനു പിന്നില്‍ ആരാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമെന്ന് ഉഴവൂര്‍ പറഞ്ഞു.


Also read ലോ അക്കാദമി ജയിലല്ല വിദ്യാലയമാണ്: ഭാഗ്യലക്ഷ്മി; ലക്ഷ്മീ നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നത് ന്യായമുള്ളത് കൊണ്ട്


അക്രമ നടപടികളുമായ് മുന്നോട്ട് പോകുന്നവര്‍ കേന്ദ്രത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ വരുത്തി  യാത്രചെയ്യേണ്ടിവരുമെന്നും ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. നേരത്തെ ആര്‍.എസ്.എസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതികരണം. മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് വര്‍ഗ്ഗീയ മുതലെടുപ്പിന് ആര്‍.എസ്.എസ് ശ്രമിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഈ അവസ്ഥ തുടരുകയാണെങ്കില്‍ അക്രമികള്‍ക്കെതിരായി നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ ജനങ്ങളുടെ പ്രതിരോധ നിരയ്ക്ക് നേതൃത്വം നല്‍കുമെന്നും ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

കോടിയേരിയുടെ വേദിയിലേക്ക് ബോംബെറിഞ്ഞ നടപടിക്ക് മാപ്പില്ലെന്നും അക്രമികള്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. നിയന്ത്രണം വിട്ട ആക്രമണോത്സുകതയാണിത്. ഇതിനെ അതിശക്തമായി അപലപിക്കുന്നു. കുറ്റവാളികള്‍ക്ക് മാപ്പില്ല. എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more