| Thursday, 25th March 2021, 4:06 pm

ഇടതുപക്ഷമെന്നാല്‍ പിണറായി നയിക്കുന്ന പാര്‍ട്ടിയും മുന്നണിയുമാണെന്ന് കരുതുന്നവര്‍ക്ക് ഇടതുപക്ഷം എന്താണെന്ന് അറിയില്ല

ഡോ. ആസാദ്

ഇടതുപക്ഷം എന്നാല്‍ സി.പി.ഐ.എമ്മോ സി.പി.ഐ.എം മുന്നണിയോ ആണെന്ന് ചിലര്‍ ധരിച്ചുവശായിട്ടുണ്ട്. ഇടതും വലതും തീരുമാനിക്കുന്നത് മുതലാളിത്ത അധികാരവ്യവസ്ഥയോട് സ്വീകരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്.

സി.പി.ഐയെ വലതു കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണല്ലോ സി.പി.ഐ.എം വിളിച്ചുപോന്നത്. അതേ യുക്തിവെച്ച് സി.പി.ഐ.എമ്മിനെയും ഇപ്പോള്‍ ചുരുങ്ങിയത് വലതു കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നെങ്കിലും വിളിക്കണമല്ലോ. ഇരു പാര്‍ട്ടികളും വലതു പാര്‍ട്ടികളോട് മുതലാളിത്ത വികസന നടത്തിപ്പില്‍ മത്സരിച്ചു വിജയിക്കുമ്പോള്‍ പിന്നെയെന്തിന് കമ്യൂണിസ്റ്റ് എന്ന വിശേഷണം ചുമക്കണം? എന്തിന് ആ പഴയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ നാണം കെടുത്തണം? പഴയ താടിക്കാരുടെ പടങ്ങള്‍ ചുമരില്‍നിന്ന് മാറ്റിക്കൂടേ?

പാര്‍ട്ടിയുടെയും മുന്നണിയുടെയും പേരില്‍ ഇടതുപക്ഷ സൂചനകളുണ്ട് എന്നതുകൊണ്ട് ഞങ്ങളാണ് ഇടതുപക്ഷം എന്നു വാശി പിടിക്കരുത്. മുതലാളിത്ത വര്‍ഗ താല്‍പര്യത്തിന്റെ ഉപകരണമായി മാറിയ പാര്‍ട്ടിയെയും മുന്നണിയെയും പേരതായതുകൊണ്ടു മാത്രമാണ് ജനങ്ങള്‍ ഇടതുപക്ഷം എന്നു ചേര്‍ത്തു പറയുന്നത്.

കുറ്റവാളിയുടെ പേര് ഇന്നസെന്റ് എന്നായതുകൊണ്ട് ഒരു കോടതിയും വെറുതെ വിടണമെന്നില്ലല്ലോ. വരും തലമുറകളെ തലപൊക്കാനാവാത്ത കടക്കെണിയില്‍ കെട്ടുന്ന സമീപനം ഇടതുപക്ഷത്തിന്റേതല്ല. അവര്‍ക്കു നിത്യവൃത്തിക്കുള്ള സമ്പത്തെടുത്തു ധൂര്‍ത്തടിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ല.

ഭൂമിയിലും പൊതുവിഭവങ്ങളിലുമുള്ള ജനങ്ങളുടെ അവകാശം പിടിച്ചുവെക്കുന്ന നയം ഇടതുപക്ഷത്തിന്റേതല്ല. കൊള്ളക്കാര്‍ക്കും കൈയേറ്റക്കാര്‍ക്കും കൊലയാളി സംഘങ്ങള്‍ക്കും കള്ളപ്പണക്കാര്‍ക്കും വിടുപണി ചെയ്യുന്ന മെയ്‌വഴക്കം ഇടതുപക്ഷത്തിന്റേതല്ല. കോര്‍പറേറ്റുകള്‍ക്കും അവരുടെ കണ്‍സള്‍ട്ടന്‍സികള്‍ക്കും ഭരണ പങ്കാളിത്തം നല്‍കുന്ന ഉദാരത ഇടതുപക്ഷത്തിനില്ല.

സമരങ്ങള്‍ അടിച്ചമര്‍ത്തുന്ന, വ്യാജ ഏറ്റുമുട്ടലില്‍ കൂട്ടക്കൊല ചെയ്യുന്ന, കസ്റ്റഡിയില്‍ ചവിട്ടി കൊല്ലുന്ന ഭരണകൂട ഭീകരതയും ഇടതുപക്ഷത്തിന്റേതല്ല. ഒരു ഇടതുപക്ഷക്കാരന് ഇതിനെയെല്ലാം വിമര്‍ശിക്കാനുള്ള ബാദ്ധ്യതയുണ്ട്. ആ വിമര്‍ശനം ഉന്നയിച്ചാല്‍ അത് ഉന്നയിക്കുന്നവന്‍ ഇടതുപക്ഷ വിരുദ്ധനും ആ ദുര്‍വൃത്തികളെല്ലാം ചെയ്ത കൂട്ടര്‍ ‘ഇടതുപക്ഷക്കാ’രും ആവുന്ന ജാലവിദ്യയാണ് ഇപ്പോള്‍ നാം കാണുന്നത്. ഇടതുപക്ഷ നെയിംബോര്‍ഡുള്ള വലതുപക്ഷ വാഹനമാണ് മുന്നില്‍ മുക്രയിട്ടു നില്‍ക്കുന്നത്! സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളിലേക്കു പുറപ്പെട്ട ഒരു വണ്ടി ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിനു മുന്നിലാണ് പാര്‍ക്കു ചെയ്തത്!

പിണറായി നയിക്കുന്ന പാര്‍ട്ടിയും മുന്നണിയുമാണ് ഇടതുപക്ഷമെന്ന് കരുതുന്നവര്‍ക്ക് വാസ്തവത്തില്‍ ഇടതുപക്ഷം എന്താണെന്ന് അറിയില്ല. അവര്‍ക്ക് മാര്‍ക്‌സിസം വെറും പിണറായിസമാണ്. ഇടതുപക്ഷം എന്നു വിശേഷിപ്പിച്ചു വലതുപക്ഷ വേദന സംഹാരി വില്‍ക്കാന്‍ കുറേപേര്‍ തെരുവിലുണ്ട്.

തങ്ങളല്ലാത്തതെല്ലാം വലതുപക്ഷം എന്ന പുതിയ സൂത്രവാക്യം കാണിച്ച് തങ്ങള്‍ ഇടതുപക്ഷം തന്നെ എന്ന് ഉറപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അവ തമ്മില്‍ എവിടെ വേര്‍തിരിയുന്നു എന്ന് നമുക്കോ അവര്‍ക്കോ മനസ്സിലാവില്ല.

വലതുപക്ഷ മുന്നണികളോ പാര്‍ട്ടികളോ മാറി മാറി ഭരിക്കുന്ന രാജ്യങ്ങളില്‍ ആ മാറ്റമാണ് പരിമിതമായ സ്വാതന്ത്ര്യം. ഒരേ കൂട്ടരുടെ അധികാര പ്രയോഗത്തില്‍ നിന്നു താല്‍ക്കാലിക മുക്തി. സ്ഥിരമായ ഒരു പരിഹാരം രൂപപ്പെടുംവരെ മറ്റു വഴികളില്ല. തീവ്രവലതുപക്ഷം ഹിംസാത്മകമായി വളരുന്ന സാഹചര്യത്തില്‍ മധ്യവലതു രാഷ്ട്രീയം ദുര്‍ബ്ബലപ്പെടരുത്. അതും പുരോഗമന സ്വഭാവമുള്ളതാവുന്നു.

ബ്രാന്റ് നെയ്മിന്റെ വ്യത്യാസമല്ല ഉള്ളടക്കത്തിലെ വ്യത്യാസമാണ് വേണ്ടത്. അതിനുള്ള ശ്രമകരമായ ജോലി നാം തുടരണം. അതോടൊപ്പം അധികാരം ആര്‍ക്കെങ്കിലും അമിതാധികാര വാഴ്ച്ചയ്ക്ക് ഇട നല്‍കുംവിധം വിട്ടു കൊടുക്കുകയുമരുത്. ഇന്നത്തെ കേരളത്തില്‍ അതുതന്നെ പുരോഗമന പ്രവൃത്തിയാവും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: LDF is not real Left – DR. Azad Writes

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more