| Friday, 26th February 2021, 2:36 pm

ആദ്യം എല്‍.ഡി.എഫ് സ്വതന്ത്രന്‍, പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തിനായി ലീഗ്, അവിടുന്ന് ഐ.എന്‍.എല്ലും സി.എം.പിയും ഒടുവില്‍ ബി.ജെ.പി; ആരാണ് മലപ്പുറത്തെ സാധു റസാഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ മുന്‍ മുന്‍സിപ്പില്‍ ചെയര്‍മാനായിരുന്ന സാധു റസാഖ് അടക്കം ഏതാനും പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായിട്ടായിരുന്നു സാധു റസാഖ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഇതിന് പിന്നാലെ ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ‘മുസ്‌ലിം ലീഗ് നേതാവ്’ സാധു റസാഖ് ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സാധു റസാഖ് മുസ്‌ലിം ലീഗ് നേതാവ് അല്ലെന്നും സി.പി.ഐ.എം അനുഭാവിയാണെന്നുമായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ ഇതിന് മറുപടിയായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എന്നാല്‍ തങ്ങളുമായി ബന്ധമില്ലെന്ന് സി.പി.ഐ.എം പ്രവര്‍ത്തകരും മറുപടിയുമായി എത്തിയതോടെ വാദപ്രതിവാദങ്ങള്‍ തുടര്‍ന്നു. ശരിക്കും ആരാണ് സാധു റസാഖ് ?

1995 ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി സാധു റസാഖ് മലപ്പുറം മുന്‍സിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി ജയിച്ച കെ.ബദറുന്നീസ മുന്‍സിപ്പില്‍ ചെയര്‍പേഴ്‌സണ്‍ ആയി.

എന്നാല്‍ പിന്നീട് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ലഭിച്ചതോടെ സാധു റസാഖ് ലീഗിന് പിന്തുണ പ്രഖ്യാപിക്കുകയും മുസ്‌ലിം ലീഗ് പിന്തുണയോടെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആവുകയും ചെയ്തു.

തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന സാധു റസാഖ് പിന്നീച് എം.വി രാഘവന്‍ നേതൃത്വം നല്‍കിയ സി.എം.പിയില്‍ ചേര്‍ന്നു. കുറച്ച് കാലത്തിന് ശേഷം വീണ്ടും ലീഗില്‍ ചേര്‍ന്നെങ്കിലും നഗരസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് സാധു റസാഖ് ലീഗില്‍ നിന്ന് രാജി വെക്കുകയും ഐ.എന്‍.എല്ലില്‍ ചേരുകയും ചെയ്തു.

ഐ.എന്‍.എല്ലിലെ പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയതയെ തുടര്‍ന്ന് റസാഖിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉണ്ടാവുകയും മൂന്ന് മാസത്തില്‍ അധികമായി പാര്‍ട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയുമായിരുന്ന റസാഖ് കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: LDF Independent, then the League for the position of Chairman, then the INL and the CMP and finally the BJP; Who is Sadhu Razak from Malappuram?

We use cookies to give you the best possible experience. Learn more