മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ പച്ചക്കള്ളം പ്രചരിപ്പിച്ച് നാട്ടില്‍ കുഴപ്പമുണ്ടാക്കരുതെന്ന് എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എ കെ.ടി. ജലീല്‍.
2011ല്‍ വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ എല്‍.ഡി.എഫ് ഭരണ കാലത്തും പിന്നീട് വന്ന യു.ഡി.എഫ് ഭരണ കാലത്തുമുള്ള പ്രൈവറ്റ് +2 രജിസ്‌ട്രേഷന്‍ കണക്ക് ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു ജലീലിന്റെ പ്രതികരണം.
എല്‍.ഡി.എഫ് ഭരണകാലത്താണ് മലപ്പുറം ജില്ലയില്‍ ഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ പഠനാവസരങ്ങള്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ജലീലിന്റെ മൂന്നാമത്തെ ഫേസ്ബുക്ക് കുറിപ്പാണിത്.
കഴിഞ്ഞ ഏഴ് കൊല്ലമായി മാത്രമുള്ള പ്രതിഭാസമല്ല മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയെന്നും ലീഗിന് വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഉണ്ടായ സമയത്തും ജല്ലയിലെ സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെ.ടി. ജലീലിന്റെ വാക്കുകള്‍
പ്രൈവറ്റ് +2 റജിസ്‌ട്രേഷന്‍ യു.ഡി.എഫ് കാലത്ത് കൂടുന്നു; എല്‍.ഡി.എഫ് കാലത്ത് കുറയുന്നു! എന്താ അതിന്റെ ഗുട്ടന്‍സ്?
2011 ല്‍ വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ ഭരണം അവസാനിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ എണ്ണം 19,735 ആയിരുന്നു.
യു.ഡി.എഫ് ഭരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ 2016 ല്‍ അത് 25,733 ആയി ഉയര്‍ന്നു. ഇടതു ഭരണം ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ 2022 ല്‍ സ്‌കോള്‍ കേരളയില്‍ പ്രൈവറ്റായി റജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ എണ്ണം 15,988 ആയി വീണ്ടും താഴ്ന്നു.