കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയാണ് ഇടതുമുന്നണി അധികാരത്തിലെത്തുന്നത്. ആകെയുള്ള 140 സീറ്റില്‍ 91 സീറ്റും ഇടതുമുന്നണിയാണ് നേടിയത്. അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി 47 സീറ്റിലൊതുങ്ങി.
ചരിത്രത്തിലാദ്യമായി സീറ്റ് നേടിയ ബി.ജെ.പിയും സ്വതന്ത്രനായി മത്സരിച്ച പി.സി ജോര്‍ജുമാണ് നിയമസഭയിലെ മറ്റ് കക്ഷികള്‍.
സ്വതന്ത്രരെ കൂടുതലായി പരീക്ഷിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗിന്റെ ശക്തികേന്ദ്രമായ മലബാറില്‍ അഞ്ച് സ്വതന്ത്രരെ വിജയിപ്പിക്കാനും ഇടതുമുന്നണിയ്ക്ക് വിശിഷ്യാ സി.പി.ഐ.എമ്മിനായി.
എന്നാല്‍ ഇതേ സ്വതന്ത്ര എം.എല്‍.എമാര്‍ ഇടതിന് തലവേദനയാകുന്ന കാഴ്ചയാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. സ്വജനപക്ഷപാതമാണ് ഇവരെല്ലാം നേരിടുന്ന പ്രധാന ആരോപണം. കൗതുകമുണര്‍ത്തുന്ന മറ്റൊരു കാര്യം ഇവരെല്ലാം സ്വജനപക്ഷപാതം എന്ന കാരണമുന്നയിച്ച് മുസ്‌ലിം ലീഗില്‍ നിന്ന് രാജിവെച്ചവരാണ് എന്നുള്ളതാണ്.
തവനൂര്‍ എം.എല്‍.എയായ മന്ത്രി കെ.ടി ജലീല്‍, നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍, കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്, കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീം എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് ഇടതുമുന്നണിയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്.
പിതൃസഹോദര പുത്രനായ കെ.ടി അദീബ് എന്നയാളെ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നായിരുന്നു ജലീലിനെതിരായ ആരോപണം. യൂത്ത് ലീഗാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഒരു പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തേക്ക് ഡെപ്യൂട്ടേഷന്‍ വഴി ഒരു വ്യക്തിയെ നിയമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യല്‍ റൂളോ മറ്റോ ഇല്ലായെന്നിരിക്കെയാണ് ഇങ്ങനെയൊരു നിയമനം നടത്തിയത് എന്നാണ് യൂത്ത് ലീഗിന്റെ ആരോപണത്തിന് പ്രാധാന്യമേറുന്നത്. മാത്രമല്ല ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് നിയമിതനാവണമെങ്കില്‍ എം.ബി.എ ബിരുദ യോഗ്യത നിര്‍ബന്ധമാണെന്നിരിക്കെയാണ് ബി.ടെക് യോഗ്യതയുള്ള മറ്റൊരാളെ നിയമിച്ചതും ശ്രദ്ധേയമാകുന്നു.
പ്രതിരോധിക്കാനായി ജലീല്‍ നിരത്തിയ വാദങ്ങളെല്ലാം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായതോടെ അദീബ് സ്ഥാനം രാജിവെക്കുകയായിരുന്നു. ലീഗ് വിഷയത്തെ സര്‍ക്കാരിനെതിരെ ആയുധമാക്കിയെങ്കിലും യു.ഡി.എഫിന്റെ പിന്തുണ ലഭിക്കാതിരുന്നത് ജലീലിന് സൗകര്യമാകുകയായിരുന്നു. ഈ വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പാണ് കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമിന്റെ മകന്‍ വിദേശത്ത് അറസ്റ്റിലായി എന്ന വാര്‍ത്ത വരുന്നത്.
ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെത്തുടര്‍ന്നാണ് എം.എല്‍.എയുടെ മകന്‍ പി.ടി.ഷബീര്‍ (മുഹമ്മദ് ഇസ്മയില്‍ ഷബീര്‍), മരുമകനും കൊടുവള്ളി നഗരസഭാംഗം വായോളി മുഹമ്മദിന്റെ മകനുമായ ഷബീര്‍ വായോളി (ഷബീര്‍ അഹമ്മദ്) എന്നിവര്‍ പിടിയിലായതെന്നാണു വിവരം. വായോളി മുഹമ്മദിന്റെ സഹോദരപുത്രനും 5 ബന്ധുക്കളും ഉള്‍പ്പെടെ 19 പേര്‍ സൗദി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
സൗദിയില്‍ ഗ്ലോബല്‍ ബിസിനസ് സൊല്യൂഷന്‍സ് (ജി.ബി.എസ്) എന്ന സോഫ്റ്റ്വെയര്‍ സ്ഥാപനം നടത്തുകയാണു ഷബീര്‍ വായോളി. അതിന്റെ ഭാഗമായുള്ള “കണക്ട്” എന്ന ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തിലാണ് എം.എല്‍.എയുടെ മകനു ജോലി. ഷബീര്‍ വായോളിയുടെ പിതൃസഹോദരപുത്രന്‍ നടത്തിവന്ന സ്വര്‍ണക്കച്ചവടത്തില്‍ സൗദി പൗരന്റെ പേരിലുണ്ടായ കേസുകളാണ് അറസ്റ്റിനു കാരണമെന്നും പറയപ്പെടുന്നുണ്ട്. അദ്ദേഹത്തെ സഹായിച്ചുവെന്ന കുറ്റമാണ് എം.എല്‍.എയുടെ മകന്റെയും മരുമകന്റെയും പേരിലുള്ളതെന്നും പറയുന്നു. അതേസമയം സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അറസ്റ്റിനു പിന്നിലെന്നു പി.ടി.എ.റഹീം എം.എല്‍.എ പറഞ്ഞു.
ALSO READ: കന്യാസ്ത്രീ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സ്‌കൂളിനെതിരെ സി.ബി.എസ്.ഇയും വിദ്യാഭ്യാസ വകുപ്പും
അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബു ലെയ്‌സിനെ കരുതല്‍ തടങ്കലില്‍ നിന്നൊഴിവാക്കാന്‍ പി.ടി.എ. റഹീം സര്‍ക്കാരിന് കത്ത് നല്‍കിയകാര്യവും പുറത്തായിരുന്നു. അബു ലെയ്‌സിന്റെ കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ പി.ടി.എ റഹീമിനൊപ്പം കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖും സര്‍ക്കാറിനെ സമീപിച്ചതിന്റെ വിവരങ്ങളാണ് പിന്നീട് പുറത്ത് വന്നത്.
ഡി.ആര്‍.ഐ ചുമത്തിയ കൊഫെപോസെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയെന്ന് രണ്ട് എം.എല്‍.എമാരും സമ്മതിച്ചിട്ടുണ്ട്. നേരത്തെ ദുബായില്‍ അബു ലെയ്‌സ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കൊപ്പം എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് ചര്‍ച്ചയായിരുന്നു. അബു ലെയ്‌സിന്റെ പിതാവ് നല്‍കിയ അപേക്ഷ മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയില്‍ പരിഗണിക്കുകയായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ എം.എല്‍.എമാരുടെ വിശദീകരണം.
ഈ സര്‍ക്കാരിന്റെ തുടക്കകാലത്ത് തന്നെ ആരോപണം നേരിട്ടയാളാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിലെ നിയമ ലംഘനം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടന്നു വരികയാണ്. കോടതിയിലും ഇതുസംബന്ധിച്ച കേസുകളുണ്ട്. അന്‍വറിനെതിരെ സ്വകാര്യ വ്യക്തി നല്‍കിയ സാമ്പത്തിക വഞ്ചനാ കേസും കോടതിയിലും പൊലീസിലുമായി മുന്നോട്ടു പോകുകയാണ്.
സ്വതന്ത്രന്മാരെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ രാഷ്ട്രീയമായി വിജയിച്ചെങ്കിലും സ്വതന്ത്ര എം.എല്‍.എമാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ എങ്ങനെ നേരിടുമെന്ന പ്രതിസന്ധിയിലാണ് ഇടതുനേതൃത്വം ഇപ്പോള്‍. ആരോപണങ്ങളെ അതിജീവിക്കാന്‍ അവര്‍ തന്നെ ശ്രമിക്കട്ടെ എന്ന നിലപാടാണ് മുന്നണി നേതൃത്വം സ്വീകരിക്കുന്നത്. മാത്രമല്ല, സ്വതന്ത്ര പരീക്ഷണം ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന പാഠവും ഇടതുമുന്നണിക്ക് മുന്നിലുണ്ട്. താല്‍ക്കാലിക വിജയം മാത്രമേ മുന്നണി ഈ പരീക്ഷണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.
WATCH THIS VIDEO: