| Sunday, 22nd May 2016, 6:56 pm

എല്‍.ഡി.എഫിന് 19അംഗ മന്ത്രിസഭ; ചെലവു ചുരുക്കലിന് മുന്‍ഗണനയെന്ന് വൈക്കം വിശ്വന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 19 അംഗ എല്‍.ഡി.എഫ് മന്ത്രിസഭയായിരിക്കും ബുധനാഴ്ച അധികാരമേല്‍ക്കുകയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍. സി.പി.ഐ.എമ്മിന് 12, സി.പി.ഐക്ക് 4, ജനതാദള്‍ (എസ്), എന്‍.സി.പി, കോണ്‍ഗ്രസ് (എസ്) എന്നീ ഘടകകക്ഷികള്‍ക്ക് ഒന്നുവീതം എന്നിങ്ങനെയായിരിക്കും മന്ത്രിസഭയിലെ ഘടകകക്ഷികളുടെ പ്രാതിനിധ്യം. തിരുവനന്തപുരത്ത് നടന്ന ഇടതുമുന്നണിയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍. സ്പീക്കര്‍ സ്ഥാനം സി.പി.ഐ.എമ്മിനും ഡപ്യൂട്ടി സ്പീക്കര്‍ പദവി സി.പി.ഐക്കുമായിരിക്കും.

മന്ത്രിമാരുടെയും പഴ്‌സനല്‍ സ്റ്റാഫുകളുടെയുമടക്കം ചെലവു ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ അംഗം 25 ആയി നിജപ്പെടുത്തും. മന്ത്രിമാരുടെ വകുപ്പുകള്‍ ബുധനാഴ്ച രാവിലെ തീരുമാനിക്കും.
ചൊവ്വാഴ്ച സി.പി.ഐ.എം സംസ്ഥാന സമിതിയോഗം ചേര്‍ന്ന് മന്ത്രിമാര്‍ ആരൊക്കെയെന്ന് തീരുമാനിക്കും. സി.പി.ഐ, എന്‍.സി.പി, ജനതാദള്‍ (എസ്) നേതൃയോഗങ്ങളും ചൊവ്വാഴ്ചയുണ്ടാകും. വൈകുന്നേരത്തോടെ തന്നെ മന്ത്രിമാരുടെ പട്ടിക അറിയാനാകും.

മന്ത്രിമാരുടെ സാധ്യതാ പട്ടിക
എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.ഐ.എം മന്ത്രിമാരുടെ പട്ടികയായി. മന്ത്രിമാരില്‍ എട്ടുപേര്‍ പുതുമുഖങ്ങളാണ്. മൂന്നു മുന്‍ മന്ത്രിമാര്‍ക്ക് വീണ്ടും അവസരം ലഭിച്ചു. ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, എ.കെ.ബാലന്‍, ടി.പി.രാമകൃഷ്ണന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, ജി.സുധാകരന്‍, തോമസ് ഐസക്, എ.സി.മൊയ്തീന്‍, കെ.ടി.ജലീല്‍, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് മന്ത്രിമാരാകുന്നത്.

എം.എല്‍.എമാരായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ എം.എം.മണി ഒഴികെയുള്ളവരെല്ലാം മന്ത്രിമാരാകും. പൊന്നാനി എം.എല്‍.എ പി.ശ്രീരാമകൃഷ്ണനാണ് സ്പീക്കര്‍. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

തോമസ് ഐസക് ധനകാര്യമന്ത്രിയായേക്കും. കെ.കെ.ശൈലജയ്ക്ക് ആരോഗ്യവും ഇ.പി.ജയരാജനു വ്യവസായവകുപ്പും ലഭിക്കുമെന്നാണ് സൂചന. തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ പേരുകള്‍ സംബന്ധിച്ച് തീരുമാനമായത്. സുരേഷ് കുറുപ്പ്, എസ്.ശര്‍മ, വി.കെ.സി.മമ്മദ് കോയ, എ.പ്രദീപ് കുമാര്‍, എം.സ്വരാജ്, അയിഷാ പോറ്റി, രാജു എബ്രഹാം എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അന്തിമ പട്ടികയില്‍ ഇവരെ ഒഴിവാക്കി.

അതേസമയം, സി.പി.ഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, കെ.രാജു, പി.തിലോത്തമന്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം. പരിചയസമ്പന്നരെന്നാണു തീരുമാനമെങ്കില്‍ സി.ദിവാകരനും മുല്ലക്കര രത്‌നാകരനുമുണ്ടാകും. ദിവാകരനെ മന്ത്രിയാക്കാതെ നിയമസഭാകക്ഷി നേതാവായി മാത്രം നിലനിര്‍ത്താമെന്ന നിര്‍ദേശവും പരിഗണിക്കുന്നു.

ചിറ്റയം ഗോപകുമാര്‍, വി.ശശി, ഇ.എസ്.ബിജിമോള്‍ എന്നിവരിലൊരാള്‍ ഡെപ്യൂട്ടി സ്പീക്കറായേക്കും. കോണ്‍ഗ്രസ് എസില്‍ നിന്നുള്ള ഏക അംഗമെന്ന നിലയില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകുമെന്ന് ഉറപ്പായി. എന്‍.സി.പിയില്‍ നിന്ന് തോമസ് ചാണ്ടിയോ എ.കെ.ശശീന്ദ്രനോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജനതാദള്‍ എസിനെ പ്രതിനിധീകരിച്ച് മുന്‍മന്ത്രി മാത്യു ടി.തോമസ് മന്ത്രിയാകും എന്നാണ് സൂചന

We use cookies to give you the best possible experience. Learn more