| Friday, 28th May 2021, 11:16 am

കേന്ദ്രത്തിന് രൂക്ഷവിമര്‍ശനം, സ്ത്രീസമത്വത്തിന് പ്രാധാന്യം, പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ; ഇടത് സര്‍ക്കാരിന്റെ 'നയം പ്രഖ്യാപിച്ച്' ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയായി. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ക്ഷേമ വികസന പദ്ധതികള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞു. ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കും. സ്ത്രീസമത്വത്തിന് പ്രാധാന്യം നല്‍കും.

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും നയപ്രഖ്യാപനത്തിലുണ്ട്. വായ്പ പരിധി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല, ഇത് ഫെഡറലിസത്തിന് ചേര്‍ന്നതല്ല. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്.

അഞ്ചുവര്‍ഷം കൊണ്ട് കാര്‍ഷിക ഉത്പാദനം 50% വര്‍ധിപ്പിക്കും. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തും. വെസ്റ്റ് കോസ്റ്റ് കനാല്‍ വഴിയുള്ള ജല ഗതാഗത പദ്ധതി വേഗത്തില്‍ ആക്കും.

കേരള ബാങ്ക് ആധുനികവല്‍ക്കരണം വേഗത്തില്‍ ആക്കും. എല്ലാ ജില്ലകളിലും പ്രമുഖരുടെ പേരില്‍ സാംസ്‌ക്കാരിക സമുച്ഛയങ്ങള്‍ ഉണ്ടാക്കും. കൂടുതല്‍ പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരും.

സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. ഒക്ടോബര്‍ രണ്ടിന് പദ്ധതി തുടങ്ങും. 6592745 പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. 219936 ആളുകള്‍ക്കു രണ്ടു ഡോസ് വാക്‌സിന്‍ നല്‍കി.

സമൂഹത്തില്‍ വിവേചനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നയം. ഗുരുതര പ്രതിസന്ധിക്കിടയിലും കോവിഡിനെ പ്രതിരോധിക്കാനായി. കൊവിഡ് വാക്സിന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു. മൂന്നു കോടി ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ നല്‍കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: LDF Govt First Policy Adress Governor Ariff Muhammed Khan Pinaray Vijayan

Latest Stories

We use cookies to give you the best possible experience. Learn more