തിരുവനന്തപുരം: സര്‍ക്കാരിന്റെ വീഴ്ചകളെ മറയ്ക്കാന്‍ പി.ആര്‍ പണിയുമായി ഇറങ്ങിയിരിക്കുകയാണ് എല്‍.ഡി.എഫെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സര്‍ക്കാരിന്റെ നേട്ടങ്ങളെ ജനങ്ങളിലെത്തിക്കാന്‍ എല്ലാവരും ശ്രമിക്കാറില്ലേയെന്ന ചോദ്യത്തിന് തന്റെ ഭരണകാലത്ത് ഇത്തരം പി.ആര്‍ വര്‍ക്കുകള്‍ ചെയ്തിട്ടില്ലെന്നായിരുന്നു ഉമ്മന്‍ന്‍ചാണ്ടിയുടെ മറുപടി.
‘ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തിലുള്ള പി.ആര്‍ വര്‍ക്കുകളൊന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ല. പക്ഷെ ഇവിടെ അതല്ല, സര്‍ക്കാര്‍ വീഴ്ചകളെ മറച്ചുപിടിക്കാനാണ് പി.ആറിനെ കൂട്ടുപിടിക്കുന്നത്’, ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിലവിലെ പി.ആര്‍ വര്‍ക്കുകളും അതിന്റെ ഭാഗമായുള്ള പ്രീ പോള്‍ സര്‍വേകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉന്നം വെച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വേകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊടുക്കുന്ന റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്ന് നേരത്തേയും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെ എറ്റവും അധികം ആരോപണങ്ങള്‍ ഉയര്‍ത്തിയത് പ്രതിപക്ഷ നേതാവാണെന്നും ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളൊന്നും വിലപ്പോകില്ലെന്ന് കാണിക്കാനാണ് അദ്ദേഹത്തെ സര്‍വേകളിലൂടെ വില കുറച്ച് കാണിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ഇപ്പോള്‍ പുറത്തുവന്ന സര്‍വ്വേകളെല്ലാം പി.ആര്‍ വര്‍ക്കിന്റെ ഭാഗമാണ്. യു.ഡി.എഫിന്റെ സൗജന്യ അരി നിര്‍ത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടക്കുന്നതെന്നും പാവങ്ങളുടെ അരിക്ക് പണം വാങ്ങിയ സര്‍ക്കാരാണ് ഇതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകളാണ് വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതിനെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു.
പിണറായി സര്‍ക്കാര്‍ 200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്റെ ഉപകാര സ്മരണയാണ് ചില മാധ്യമങ്ങള്‍ സര്‍വേയിലൂടെ കാണിക്കുന്നതെന്നാണ് ചെന്നിത്തല പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക