Kerala
ടി.പി സെന്‍കുമാറിനെതിരായ 'യുദ്ധ'ത്തിന് ചെലവാക്കിയത് ജനങ്ങളുടെ പണം; പിണറായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 20 ലക്ഷം രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 01, 08:09 am
Thursday, 1st March 2018, 1:39 pm

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനോടുള്ള നിയമയുദ്ധത്തിന് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 20 ലക്ഷം രൂപ. സര്‍ക്കാര്‍ ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണമാണ് സെന്‍കുമാറിനോടുള്ള വാശി തീര്‍ക്കാനായി സര്‍ക്കാര്‍ ചെലവഴിച്ചത്. സുപ്രീം കോടതിയിലെ കേസിന്റെ ചെലവാണ് ഇതെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീം കോടതിയിലെ അഭിഭാഷകരുടെ ഫീസ് ഇനത്തിലാണ് സര്‍ക്കാറിന് 20 ലക്ഷം രൂപ ചെലവു വന്നത്. എന്നാല്‍ ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഡ്വക്കറ്റ് ജനറലിന്റെ അപേക്ഷ ധനവകുപ്പ് തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫയലുകളുടെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.

ടി.പി സെന്‍കുമാര്‍ ഐ.പി.എസ് പൊലീസ് മേധാവി സ്ഥാനത്ത് തിരികെയെത്താതിരിക്കാനാണ് സര്‍ക്കാര്‍ സുപ്രീം കോടതി വരെ പോയി “അഭിമാന പോരാട്ടം” നടത്തിയത്. രാജ്യത്തെ വിലകൂടിയ അഭിഭാഷകരായ ഹരീഷ് സാല്‍വേ, പി.പി.റാവു, ജയ്ദീപ് ഗുപ്ത, സിദ്ധര്‍ഥ് ലൂത്ര എന്നിവരാണ് സര്‍ക്കാറിനായി വാദിക്കാനെത്തിയത്.

ഹരീഷ് സാല്‍വേയ്ക്ക് പത്തു ലക്ഷം, പി.പി. റാവുവിന് 4.40 ലക്ഷം, ജയദീപ് ഗുപ്തക്ക് 3.30 ലക്ഷം, സിദ്ധാര്‍ഥ് ലൂത്രയ്ക്ക് 2.20 ലക്ഷം, സ്റ്റാന്റിങ് കോണ്‍സലിനു 27,000 രൂപ ഫീസ് എന്നിങ്ങനെയാണ് അഭിഭാഷകരുടെ ഫീസ്. ഇരുപതുലക്ഷം രൂപയാണ് എ.ജി സര്‍ക്കാരിനോടു ആവശ്യപ്പെട്ടത്.

ഓഗസ്റ്റ് 23-നാണു പണം നല്‍കണമെന്നാവശ്യപ്പെട്ടു നിയമവകുപ്പ് ധനവകുപ്പിനു ഫയല്‍ കൈമാറിയത്. ആറുമാസമായിട്ടും ഫയലില്‍ തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാര്‍ അഭിമാന പോരാട്ടമായി കണ്ട കേസിലാണു ധനവകുപ്പിന്റെ അനങ്ങാപ്പാറ നയമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ എന്താണു പണം അനുവദിക്കാത്തതിനു കാരണമെന്നു പറയുന്നില്ലെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ റിപ്പോര്‍ട്ട്:

(കടപ്പാട്: മനോരമ ന്യൂസ്)