| Saturday, 8th February 2020, 11:22 am

അവസാന നിമിഷം മദ്യവില വര്‍ധനവ് വേണ്ടെന്ന് വച്ച് സംസ്ഥാനസര്‍ക്കാര്‍; കാരണം ഇവയൊക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് വെള്ളിയാഴ്ച്ച ധനമന്ത്രി തോമസ് ഐസക് മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. 49 ലക്ഷം പേര്‍ക്ക് നല്‍കുന്ന ക്ഷേമപെന്‍ഷനില്‍ 100 രൂപ വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്. അതേസമയം തന്നെ മദ്യവില കൂട്ടാനുള്ള നീക്കം ഇന്നലത്തെ ബജറ്റില്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണുണ്ടായത്.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പും കച്ചവടത്തിലെ ഇടിവും കണക്കിലെടുത്താണ് മദ്യവില വര്‍ധന സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

10 ശതമാനം വര്‍ധനവായിരുന്നു സര്‍ക്കാര്‍ ഉദേശിച്ചിരുന്നത്. ബജറ്റിനും മുന്‍പുള്ള ചര്‍ച്ചയില്‍ എക്‌സൈസ് വകുപ്പ് ഉന്നതരോട് മന്ത്രി തോമസ് ഐസക് ഇക്കാര്യം സൂചിപ്പിച്ചിരുന്നതുമാണ്. എന്നാല്‍ ഇത്തരത്തില്‍ വിലവര്‍ധിപ്പിച്ചാല്‍ ഇത് ഏതാനും മാസങ്ങള്‍ക്കകം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് വിലയിരുത്തലുകളും പിന്നീടുണ്ടായി.

ഇതോടൊപ്പം തന്നെ മദ്യവില്‍പ്പനയിലുണ്ടായ ഇടിവും സര്‍ക്കാരിനെ പിന്തിരിപ്പിച്ചു. ബാറുകളിലെത്തുന്നവരില്‍ പകുതിയിലേറെയും നിര്‍മ്മാണതൊഴിലാളികളാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയതിന് പിന്നാലെ നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ കുറഞ്ഞിരുന്നു. അതിനാല്‍ തൊഴിലാളികള്‍ മദ്യശാലകളിലെത്തുന്നതും കുറഞ്ഞിട്ടുണ്ട്. ബിവറേജ് ഔട്ടലെറ്റുകളേയും ഇത് ബാധിച്ചിട്ടുണ്ട്.

ഇതോടൊപ്പം തന്നെ മദ്യവില കൂട്ടുന്നത് മറ്റുലഹരി വസ്തുക്കളുടെ ഉപഭോഗം കൂട്ടുന്നുവെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more