തിരുവനന്തപുരം: ബാങ്ക് ലോണെടുത്ത് മോഹനനും കുടുംബവും പണിത വീടിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത പിണറായി സര്‍ക്കാറിനെ നിയമസഭയില്‍ നാണം കെടുത്തി വി.ഡി സതീശന്‍ എം.എല്‍.എ. സര്‍ക്കാര്‍ ധനസഹായത്തില്‍ പണിത വീടെന്ന തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ മോഹനന്റെ വീട് ബാങ്കില്‍ നിന്ന് വായ്പയെടുത്തു പണിതതാണെന്ന കാര്യം സഭയ്ക്കു മുമ്പാകെ വി.ഡി സതീശന്‍ ഉന്നയിക്കുകയായിരുന്നു.
പള്ളിപ്പുറം കോണ്‍വന്റ് പടിഞ്ഞാറ് 21-ാം വാര്‍ഡ് നിവാസിയായ ചാറ്റുപാടത്ത് മോഹനന്‍ പണിത വീടിനെ ചൊല്ലിയായിരുന്നു തര്‍ക്കം. മോഹനനും സുമതിയും പേരക്കുട്ടി ഗൗരിശങ്കറും സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തെ ചൊല്ലി കഴിഞ്ഞദിവസം നല്‍കിയ പരസ്യത്തിലെ കഥാപാത്രങ്ങളായിരുന്നു. ഇവര്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയുടെ ചിത്രവും പരസ്യത്തിലുണ്ടെങ്കിലും അത് ആരാണെന്ന് ആര്‍ക്കും അറിയില്ല.
ഭവനരഹിതര്‍ക്കു പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കുന്ന ലൈഫ് പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കാര്‍ പരസ്യത്തിലാണ് ഇവരുടെ ചിത്രം അടിച്ചുവന്നത്. എന്നാല്‍ ഇവര്‍ വീടുവെച്ചു ബാങ്കില്‍ നിന്നും ലോണെടുത്താണെന്ന കാര്യം പ്രദേശത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വി.ഡി സതീശന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
സഹായത്തിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്തപ്പോള്‍ ബാങ്ക് വായ്പയെടുത്തു നിര്‍മ്മിച്ച വീടിന്റെ മേലാണ് സര്‍ക്കാര്‍ അവകാശവാദം സ്ഥാപിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
സര്‍ക്കാര്‍ സഹായം കിട്ടാതെ വന്നതോടെ ജില്ലാ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തും കടം വാങ്ങിയുമാണു വീടു നിര്‍മ്മിച്ചതെന്നു വീട്ടുകാരും പറയുന്നു. കുറച്ചുദിവസം മുന്‍പ് ഒരു പരിചയക്കാരന്‍ ഫോട്ടോഗ്രഫര്‍ക്കൊപ്പമെത്തി പടം പകര്‍ത്തിയതാണെന്നും എന്തിനാണെന്നു ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു നല്‍കാനാണെന്നു പറഞ്ഞതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കിയില്ലെന്നും കുടുംബം പറയുന്നു.
വീടു നിര്‍മ്മിക്കാന്‍ പലതവണ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മറ്റ് ഓഫിസുകളിലുമൊക്കെ കയറിയിറങ്ങിയിട്ടും സഹായം കിട്ടാതിരുന്ന കുടുബത്തിന്റെ ചിത്രം ഭവനനിര്‍മ്മാണസഹായ പദ്ധതിയുടെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ അനൗചിത്യം വി.ഡി സതീശന്‍ നിയമസഭയില്‍ തുറന്നുകാട്ടുകയായിരുന്നു. പത്രം ഉയര്‍ത്തിക്കാട്ടി സതീശന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഭരണപക്ഷം