| Thursday, 15th November 2012, 8:29 am

യു.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിച്ച്; എല്‍.ഡി.എഫ് സര്‍ക്കാരിനെ പുകഴ്ത്തി- എ.കെ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ധൈര്യമില്ലെന്നു എ.കെ.ആന്റണി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും ആന്റണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനേയും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനേയും വേദിയിലിരുത്തിയാണ് യു.ഡി.എഫിനെതിരെയുള്ള ആന്റണിയുടെ കടുത്ത വിമര്‍ശനം. പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.[]

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസും വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമും നല്‍കിയ പിന്തുണ അകമഴിഞ്ഞതാണ്. എന്നാല്‍ “”കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലേക്ക് ഒരു വ്യവസായ സ്ഥാപനവും കൊണ്ടുവരാന്‍ ഞാന്‍ ഗൃഹപാഠം ചെയ്യുന്നില്ല. അതിനുള്ള ധൈര്യമില്ല എന്നതാണ് സത്യം. 2006 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ കലവറയില്ലാത്ത സഹായമാണ് തനിക്ക് നല്‍കിയത്. പദ്ധതികളെക്കുറിച്ച് താന്‍ കേന്ദ്രത്തിലിരുന്ന് പ്രഖ്യാപിച്ചിരുന്നതേയുള്ളൂ. അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമും മുഖ്യമന്ത്രിയായിരുന്ന വി.എസുമൊക്കെ മുന്‍കൈയെടുത്താണ് പദ്ധതികള്‍ക്ക് ഇവിടെ തുടക്കം കുറിച്ചത്. അന്നത്തെ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെ പുകഴ്ത്താന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല. എനിക്കറിയുന്ന എല്ലാ നല്ല വാക്കുകളും ഉപയോഗിച്ച് ഞാനദ്ദേഹത്തെ പുകഴ്ത്തുകയാണ്.””- ആന്റണി പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ആറ് സ്ഥാപനങ്ങളാണ് ഇടത് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ കരടുകള്‍ ഉണ്ടായിരിക്കുന്നു. ഈ കരടുകള്‍ മാറ്റപ്പെടണം. മറ്റ് വ്യവസായങ്ങള്‍ പോലെയല്ല പ്രതിരോധവകുപ്പിന്റെ കീഴിലുള്ളത്. നിങ്ങളുടെ പിന്തുണയില്ലാതെ എന്ത് ധൈര്യത്തിലാണ് കേന്ദ്ര പദ്ധതികള്‍ക്കായി താന്‍ ശ്രമിക്കുക.

എനിക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ലെങ്കില്‍ പിന്നെ എന്തിന് വേണ്ടിയാണ് താന്‍ ഇത്ര ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതിരോധവകുപ്പിന്റെ ഒരു പദ്ധതിയും കേരളത്തിലേക്ക് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ആരുടെ കുറ്റമാണ് എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും കാണുമ്പോഴെല്ലാം പുതിയ വ്യവസായപദ്ധതികളെക്കുറിച്ച് പറയാറുണ്ട്. നോക്കാം നോക്കാം എന്നവര്‍ പറയുന്നതല്ലാതെ ഒരു പദ്ധതിക്ക് വേണ്ടി ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ആന്റണി വ്യക്തമാക്കി.

ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ വിട്ടുനിന്നതും ആന്റ്ണി പ്രസംഗത്തിനിടെ സൂചിപ്പിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും ഇത്തരത്തിലുള്ള സമീപനമാണ് തുടര്‍ന്നും സ്വീകരിക്കുന്നതെങ്കില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിന് ബുധിമുട്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

We use cookies to give you the best possible experience. Learn more