കോഴിക്കോട്: കുപ്രചരണങ്ങളെയും നുണകളെയുമാണ് എല്‍.ഡി.എഫിന് ഈ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്നതെന്ന് പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ മൂന്നാംസ്ഥാനത്തു തകര്‍ന്നടിയുമെന്ന ചാനല്‍ പ്രചരണങ്ങളോട് ചെറുത്തുനില്‍ക്കേണ്ടി വന്നെന്നും ഫലപ്രഖ്യാപനത്തിനുശേഷം ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ വീണ പറഞ്ഞു.
44,613 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി തുടര്‍ച്ചയായ രണ്ടാം തവണയും ലോക്‌സഭയിലേക്കു വിജയിച്ചുകയറിയത്. ആന്റോ 3,80,089 വോട്ടാണ് ഇത്തവണ നേടിയത്. വീണ 3,35,476 വോട്ട് നേടി. അതേസമയം ബി.ജെ.പി പ്രതീക്ഷ വെച്ചിരുന്ന മണ്ഡലത്തില്‍ അവരുടെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ നേടിയത് 2,95,627 വോട്ടാണ്.
കഴിഞ്ഞതവണ 56,191 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആന്റോ ഇടതു സ്വതന്ത്രനായ പീലിപ്പോസ് തോമസിനെ പരാജയപ്പെടുത്തിയത്. 3,58,842 വോട്ടാണ് ആന്റോ നേടിയത്. പീലിപ്പോസ് തോമസ് 3,02, 651 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി എം.ടി രമേശ് 1,38,954 വോട്ടും നേടി.
വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരെ,
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എനിക്കു വോട്ടു നല്‍കിയ ഓരോരുത്തരോടും ഞാന്‍ ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. ഇടതുപക്ഷത്തിന്റെ വിജയത്തിനു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട എന്റെ പ്രിയ നേതാക്കളെ, സഖാക്കളേ , സഹപ്രവര്‍ത്തകരെ.. നന്ദി. എന്നെ പിന്തുണച്ച നിഷ്പക്ഷരായ പ്രിയപെട്ടവരോടും , മറ്റ് എല്ലാവരോടും നന്ദി അറിയിക്കുന്നു. നീതി ബോധത്തോടെ പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തര്‍ക്കും നന്ദി. വിജയിച്ച ശ്രീ .ആന്റോ ആന്റണിക്ക് അഭിനന്ദനം.
വര്‍ഗീയതയ്ക്കെതിരെ , രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള യുദ്ധം തന്നെയാണ് നാം പത്തനംതിട്ടയില്‍ നടത്തിയത്. ഒരു തെരഞ്ഞെടുപ്പു രംഗത്തും ഇതു വരെ ഉണ്ടായിട്ടില്ലാത്ത കുപ്രചരണങ്ങളെയും നുണകളെയും ആണ് നമുക്ക് നേരിടേണ്ടി വന്നത്. BJP യും UDF ഉം ആക്രമിച്ചത് LDF നെ ആയിരുന്നു. വര്‍ഗ്ഗീയ വിഷം കുത്തി നിറച്ചുള്ള തെരഞ്ഞെടുപ്പു പ്രചരണങ്ങളോടും , 20% മാത്രം വോട്ട് നേടി ഇടതുപക്ഷം പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തു തകര്‍ന്നടിയുമെന്ന ചാനല്‍ പ്രചരണങ്ങളോടും ആണ് നമുക്ക് ചെറുത്തു നില്‍ക്കേണ്ട വന്നത്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും മോദി വിരുദ്ധ തരംഗം സംസ്ഥാനത്തു UDF നു അനുകൂലമായി ആഞ്ഞടിച്ചപ്പോഴും ഈ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നാം കരുത്തുറ്റ പ്രതിരോധം തീര്‍ത്തു.നമുക്ക് അഭിമാനിക്കാം….നാം ആത്മാഭിമാനത്തോടും അന്തസ്സോടും , ധീരമായാണ് പോരാടിയത്. തെരഞ്ഞെടുപ്പ് ഫലവും അത് കൊണ്ട് തന്നെ അന്തസുള്ളതാണ്..